Friday, May 3, 2024
keralaNews

ഒ ബി സി ലിസ്റ്റിൽ പുതിയ സമുദായങ്ങളെ ഉൾപ്പെടുത്തരുത്. പണ്ഡിതർ മഹാജനസഭ

എരുമേലി: സംസ്ഥാനത്തെ ഒ ബി സി ഗ്രൂപ്പ് എട്ടിൽ വരുന്ന ന്യൂനപക്ഷ പിന്നോക്ക സമുദായങ്ങളുടെ സംവരണ വിഹിതം വർദ്ധിപ്പിക്കാതെ ഒ ബി സി ലിസ്റ്റിൽ പുതിയ സമുദായങ്ങളെ ഉൾപ്പെടുത്താനുളള ഫെബ്രുവരി 23 ലെ മന്ത്രി സഭ യോഗത്തിൻ്റെ തീരുമാനം പുന പരിശോധിക്കണമെന്ന് അഖില കേരള പണ്ഡിതർ മഹാജനസഭ സംസ്ഥാന പ്രസിഡന്റ് സി.ജി.ശശിചന്ദ്രൻ  ജനറൽ സെക്രട്ടറി ഷിജുകുമാർ എരുമേലി എന്നിവർ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.                                                   
സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളിൽ പിന്നോക്കം നിൽക്കുന്ന 81 സമുദായങ്ങൾക്ക് നിലവിൽ മൂന്നു ശതമാനം സംവരണം മാത്രമാണുളളത്. ഈ വിഭാഗത്തിലേക്ക് 41 ക്രിസ്ത്യൻ നാടാർ സമുദായങ്ങളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുളള മന്ത്രി സഭ യോഗത്തിൻ്റെ തീരുമാനം സാമൂഹ്യ നീതിക്ക് ചേർന്നതല്ല. നിലവിൽ  ഹിന്ദുനാടാർക്കും  എസ്.യു..സി.ഐ നാടാർക്കും ലത്തീൻ ക്രിസ്ത്യൻ നാടാർക്കും കൺവർട്ട്ഡ്             ക്രിസ്ത്യൻ നാടാർക്കും കൂടി പ്രത്യേകം 9 ശതമാനം സംവരണം ഉണ്ടായിട്ടും അതിലൊന്നും ഉൾപ്പെടുത്താതെയും എല്ലാം നാടാർ വിഭാഗങ്ങൾക്കും കൂടി ഏകീകൃത നാടാർ സംവരണം നടപ്പിലാക്കുമെന്ന എൽ.ഡി.എഫ് പ്രകടന പത്രികയിലെ  വാഗ്ദാനത്തിന് വിരുദ്ധമായി ഇത്തരത്തിലുളള തീരുമാനം പ്രതിഷേധാർഹമാണ്.
          പാർശ്വവൽകൃത സമൂഹങ്ങൾക്ക് ജനസംഖ്യാനുപാതികമായി സംവരണം നൽകുന്നതിന് പണ്ഡിതർ മഹാജനസഭ എതിരല്ല. ഇപ്പോഴുളള മൂന്നു ശതമാനം സംവരണം പത്തു ശതമാനമായി ഉയർത്തി പ്രശ്നം പരിഹരിക്കേണ്ടതാണെന്നും  ഭാരവാഹികൾ ആവശ്യപ്പെട്ടു.