Sunday, May 5, 2024
keralaNews

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം വെള്ളിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെ നിര്‍ത്തിവയ്ക്കും. ബുറേവി ചുഴലിക്കാറ്റ് വെള്ളിയാഴ്ച ഉച്ചയോടെ തിരുവനന്തപുരത്ത് വീശാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആണിത്. എയര്‍പോര്‍ട്ട് അധികൃതര്‍ ഇക്കാര്യം അറിയിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. വിമാനത്താവള പ്രവര്‍ത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടി.സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു.

കേരളസര്‍വകലാശാല നാളെ (ഡിസംബര്‍ 4) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്നും പത്രകുറിപ്പില്‍ പറയുന്നു. എം.ജി സര്‍വകലാശാലയും ഡിസംബര്‍ 4 ലെ പരീക്ഷകള്‍ മാറ്റിവച്ചു. ബുറെവി ചുഴലിക്കാറ്റിന്റെ സഞ്ചാരദിശയില്‍ വീണ്ടും മാറ്റം. തിരുവനന്തപുരം ജില്ലയിലെ പൊന്‍മുടി വഴി കേരളത്തില്‍ പ്രവേശിക്കുമെന്നാണ് പുതിയ പ്രവചനം. ആറ്റിങ്ങലിനും വര്‍ക്കലയ്ക്കുമിടയിലൂടെ കാറ്റ് അറബിക്കടലിലേക്കു നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കുകൂട്ടുന്നു.

ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് തമിഴ്‌നാട്ടിലെ പാമ്പന്‍ പാലത്തിന് സമീപമാണ് ബുറെവി. നിലവില്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റു വീശിക്കൊണ്ടിരിക്കുന്നത്.കാറ്റ് ഇന്നു കേരളത്തില്‍ പ്രവേശിക്കില്ല. നാളെ ഉച്ചയോടുകൂടി ആയിരിക്കും കാറ്റ് കേരളത്തില്‍ പ്രവേശിക്കുക.
കാറ്റ് ഇന്ന് കേരളത്തിലെത്തില്ലെങ്കിലും സംസ്ഥാനത്ത് കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു.നാളെ ഉച്ചയോടുകൂടി കേരളത്തിലെത്തുന്ന ബുറെവി അതിതീവ്ര ന്യൂനമര്‍ദ്ദമായി അറബികടലില്‍ പതിക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു.