Saturday, May 4, 2024
keralaNewsObituary

38 വര്‍ഷമായി… സുകുമാരക്കുറുപ്പിനെ ഇന്നും കണ്ടെത്താനായില്ല

കൊല്ലം :സുകുമാരക്കുറുപ്പ് കേസില്‍ തുമ്പുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥന്‍ റിട്ടേ.എസ് പി എം.ഹരിദാസ് (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.1984ല്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആയിരിക്കുമ്പോഴായിരുന്നു സംഭവം.തീപ്പൊള്ളലേറ്റ് മരിച്ചത് സുകുമാരക്കുറുപ്പല്ലെന്നും ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ചാക്കോ എന്നയാളെ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തുകയായിരുന്നുവെന്നുള്ള കണ്ടെത്തലാണ് ഈ വലിയ കേസില്‍ വഴിത്തിരിവായത്.  കേസ് അന്വേഷണത്തിനിടെ ഹരിദാസാണ് ഇത് കണ്ടെത്തിയത്. സുകുമാരക്കുറുപ്പിനെ ഇന്നും 38 വര്‍ഷമായി പിടികിട്ടാപ്പുള്ളിയായി, പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ – ഇല്ലയോ എന്നതും വ്യക്തമല്ല. സുകുമാരക്കുറുപ്പിനായി സംസ്ഥാനത്തും – പുറത്തും- വിദേശത്തുമായി അന്വേഷണം നടത്തി. കേരളത്തില്‍ മാത്രം കുറുപ്പിനോട് സാമ്യമുള്ള 32 പേരെ അറസ്റ്റ് ചെയ്തു. അന്വേഷിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരെല്ലാം കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന് നിഗമനത്തിലെത്തുകയായിരുന്നു. എന്നാല്‍, കേരള പോലീസിന്റെ ഔദ്യോഗിക രേഖകളില്‍ കുറുപ്പ് മരിച്ചതായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.           സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്‍മാന്‍ വേഷമിട്ട മലയാള ചിത്രത്തില്‍, ഇന്ദ്രജിത്താണ് ഡിവൈഎസ്പി കൃഷ്ണദാസ് എന്ന പേരില്‍ അന്വേഷണ ഉദ്യോഗസ്ഥനായി വേഷമിട്ടത്. ചിത്രം വന്‍ ഹിറ്റായി മാറുകയും ചെയ്തു.ഹരിദാസിന്റെ ഭാര്യ: വസന്ത. മക്കള്‍: ഡോ. രൂപ, ടിക്കു. സംസ്‌കാര ചടങ്ങുകള്‍ നാളെ 5 രാവിലെ 11 മണിക്ക് പോളയത്തോട്ടെ പൊതു ശ്മശാനത്തില്‍ നടക്കും.