Thursday, May 2, 2024
keralaNews

വനത്തിൽ ടവർ പണിക്ക്  പോയ തൊഴിലാളിയെ കടുവ ആക്രമിച്ചു

സീതത്തോട്  : സീതത്തോട് കോട്ടമൺ പാറയിൽ ടവർ നിർമ്മാണത്തിന്റെ പണിക്ക്  പോയ  കെ.എസ്.ഇ.ബിയുടെ തൊഴിലാളിയെ കടുവ ആക്രമിച്ചു. ആങ്ങമൂഴി സ്വദേശി അനുകുമാറിനെയാണ്  ആക്രമിച്ചത് .ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. 17 അംഗ തൊഴിലാളി  സംഘമാണ്  വനത്തിൽ ജോലിക്ക്  പോയത്. വനത്തിനകത്ത് നാല് കിലോമീറ്റർ അകത്തായിരുന്നു പണി. ടവറിന് താഴെയുള്ള അടിക്കാട് വെട്ടുകയായിരുന്നു അനുകുമാർ. ഈ സമയത്താണ് പന്നിയെ ആക്രമിക്കാനെത്തിയ കടുവ, പന്നിയെ ആക്രമിക്കുന്നതിനിടെ അനുകുമാറിന് നേരെ ചാടിവീഴുകയും കാലിലും വയറ്റിലുമടക്കം കടിക്കുകയും ചെയ്തത്. ശബരിഗിരി – പള്ളം വൈദ്യുതി ലൈനിന്റെ നിർമ്മാണത്തിനായാണ് തൊഴിലാളികൾ കാട്ടിൽ പോയത്. ഒപ്പമുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ബഹളം വെച്ചും വടികൾ ഉപയോഗിച്ചും കടുവയെ തുരത്തി. ഇതിന് ശേഷം അനുകുമാറിനെ കാടിന് പുറത്തേക്ക് കൊണ്ടുവന്ന് ആശുപത്രിയിലേക്ക് മാറ്റി.