Tuesday, April 23, 2024
keralaNews

കൊവിഡ് വ്യാപനം ; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്. ക്ഷേത്രങ്ങളിലേക്കുള്ള ഭക്തരുടെ പ്രവേശനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും.ഡബ്ലുഐപിആര്‍ 30 കൂടുതലുള്ള ജില്ലകളില്‍ മതപരമായ ചടങ്ങുകളും നിയന്ത്രിച്ചിട്ടുണ്ട്. അതിനാല്‍ ക്ഷേത്രങ്ങളിലത്തുന്ന ഭക്തരുടെ എണ്ണവും നിയന്ത്രിക്കുന്നത് ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യും. ഇതോടൊപ്പം ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ ആചാരങ്ങള്‍ മാത്രമായി ചുരുക്കുന്നതിനെക്കുറിച്ചും ബോര്‍ഡ് ഇന്ന് തീരുമാനമെടുക്കും.സംസ്ഥാനത്തെ കൊവിഡ് വ്യാപനം തീവ്രമാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രതിദിന രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുതിച്ചുയര്‍ന്നു. ഇന്നലെ പ്രതിദിന കൊവിഡ് കേസുകള്‍ പതിനെട്ടായിരം കടന്നപ്പോള്‍ ഇന്നലത്തെ ടിപിആര്‍ 30.55 ശതമാനമായി. ദിവസങ്ങളുടെ ഇടവേളയില്‍ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം ഒരു ലക്ഷത്തിന് മുകളിലായി. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കോട്ടയം ജില്ലകളില്‍ രോഗ വ്യാപനം രൂക്ഷമാണ്. തിരുവനന്തപുരത്ത് ടിപിആര്‍ 36 ന് മുകളിലാണ്.

ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമാക്കുന്നതിനായി കൂടുതല്‍ സെക്ട്രല്‍ മജിസ്ട്രേറ്റുമാരെ നിയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ബുധനാഴ്ച്ച മുതല്‍ സ്‌കൂളിലെത്തി കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.സ്‌കൂളുകളിലെ വാക്സിനേഷന്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കുന്നത് ഇന്നു ചേരുന്ന പബ്ലിക് സര്‍വീസ് കമ്മിഷന്‍ യോഗം ചര്‍ച്ച ചെയ്യും. പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് വിവിധ തലങ്ങളില്‍ നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കൂടുതല്‍ പരീക്ഷാ കേന്ദ്രങ്ങള്‍ തുടങ്ങിക്കൊണ്ട് പ്രതിസന്ധി പരിഹരിക്കാമെന്ന നിലപാടും ചര്‍ച്ചയാകും. എന്നാല്‍ തല്‍ക്കാലം അഭിമുഖ പരീക്ഷകള്‍ മാറ്റേണ്ടതില്ലെന്നാണ് പി.എസ്.സിയുടെ നിലപാട്. വകുപ്പുതല ഓണ്‍ലൈന്‍ പരീക്ഷകള്‍ തുടരും.

അതേസമയം, സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗം സ്‌കൂളുകളുടെ പ്രവര്‍ത്തനം അവലോനം ചെയ്യും. രാവിലെ പതിനൊന്നിനാണ് യോഗം. കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ഒന്‍പതുവരെയുള്ള ക്ലാസുകള്‍ 21 ന് മുമ്പ് നിര്‍ത്തിവയ്ക്കണമോയെന്നതും യോഗം ചര്‍ച്ച ചെയ്യും. ഇതോടൊപ്പം പത്ത് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകള്‍ ഓഫ് ലൈനായി എങ്ങനെ നടത്തണമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.ബുധനാഴ്ച മുതല്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വാക്സിനേഷന്‍ തുടങ്ങുന്ന സാഹചര്യത്തില്‍ പത്ത് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകള്‍ ഓണ്‍ലൈനാക്കാന്‍ കഴിയില്ല. വാക്സിനേഷനു വേണ്ട സജ്ജീകരണങ്ങളെക്കുറിച്ചും അവലോകനയോഗം തീരുമാനമെടുക്കും. സ്‌കൂളുകളില്‍ ക്ലസറ്ററുകള്‍ രൂപപ്പെട്ടാല്‍ 15 ദിവസം സ്‌കൂള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്.