Friday, May 3, 2024
keralaNews

മൂന്ന് മാസം കൊണ്ട് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിച്ചത് 1430 കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍

കൊവിഡിന്റെ രണ്ടാം വ്യാപനം തുടരുന്നതിനിടെ കഴിഞ്ഞ മൂന്ന് മാസം കൊണ്ട് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിച്ചത് 1430 കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍. കൊവിഡ് രോഗം ബാധിച്ച് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 1910 പേരാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം മരിച്ചത്. ഇതില്‍ 1430 പേരെയും സംസ്‌കരിച്ചത് ശാന്തികവാടത്തിലാണ്. അതായത് ആകെ മരണങ്ങളുടെ 75 ശതമാനം. മേയില്‍ മാത്രം കൊവിഡ് രോഗം ബാധിച്ച് മരിച്ച 901 പേരെയാണ് ശാന്തികവാടത്തില്‍ സംസ്‌കരിച്ചത്. ജൂണില്‍ ഇത് 430 ആയി കുറഞ്ഞു. നാല് വിറക് ചിതകള്‍, രണ്ട് ഇലക്ട്രിക് ഫര്‍ണസുകള്‍, രണ്ട് ഗ്യാസ് ഫര്‍ണസുകള്‍ എന്നിവയാണ് തൈക്കാട് ശാന്തികവാടത്തിലുള്ളത്. ഇവ പ്രവര്‍ത്തിപ്പിക്കുന്നതിനായി 37 പേരടങ്ങുന്ന പ്രത്യേക സംഘമാണുള്ളത്. ഫര്‍ണസുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ നഗരസഭ സ്ഥിരമായി നിയമിച്ചിട്ടുണ്ട്. മാത്രമല്ല, ശാന്തികവാടത്തില്‍ അന്ത്യകര്‍മ്മങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ മിതമായ നിരക്കില്‍ വില്‍ക്കുന്നതിന്റെ ചുമതലയും ഈ ഉദ്യോഗസ്ഥര്‍ വഹിക്കും.

മരണനിരക്ക് ഉയരുന്നതിനാല്‍ തന്നെ 30 ഗ്യാസ് സിലിണ്ടറുകള്‍ ശ്മശാനത്തില്‍ കരുതി വച്ചിരുന്നു. 19.5 കിലോഗ്രാമിന്റെ ഈ സിലിണ്ടറുകള്‍ പ്രതിദിനം ശ്മശാനത്തില്‍ കൊണ്ടുവരികയാണ് പതിവ്. ഒരു മൃതദേഹം സംസ്‌കരിക്കുന്നതിന് ഒരു സിലിണ്ടറും മറ്റൊന്നിന്റെ പകുതിയും വേണ്ടിവരും. ആവശ്യം അനുസരിച്ച് 15 മുതല്‍ 20 വരെ ഗ്യാസ് സിലിണ്ടറുകള്‍ ശാന്തികവാടത്തില്‍ പ്രതിദിനം എത്തിക്കാറുണ്ട്. നഗരത്തിലെ മറ്റ് ശ്മശാനങ്ങളില്‍ മൃതദേഹ സംസ്‌കരിക്കുന്നതിനെ ചൊല്ലി പ്രതിഷേധം ഉണ്ടായപ്പോള്‍ സംഘര്‍ഷാവസ്ഥ ഇല്ലാതാക്കുന്നതിനായി എല്ലാ മൃതദേഹങ്ങളും ശാന്തികവാടത്തില്‍ സംസ്‌കരിക്കുന്നതിന് കോര്‍പ്പറേഷന്‍ നിര്‍ദ്ദേശം നല്‍കി. ഇതോടെ ശാന്തികവാടത്തിലെ ജീവനക്കാര്‍ കിലോമീറ്ററുകളോളം പോയി മൃതദേഹം ഇവിടേക്ക് കൊണ്ടുവന്ന് സംസ്‌കരിക്കാനും തുടങ്ങി. മൃതദേഹങ്ങള്‍ സംസ്‌കരിച്ച ശേഷം അക്കാര്യം ആശുപത്രികളിലെ പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍മാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ കൃത്യമായി രേഖപ്പെടുത്തുന്നുമുണ്ട്.

നേരത്തെ, കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് മരണനിരക്ക് കൂടിയതോടെ ശാന്തികവാടത്തില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് മുന്‍കൂര്‍ ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട സ്ഥിതിവിശേഷം ഉണ്ടായിരുന്നു. ജില്ലയിലെ മറ്റ് ശ്മശാനങ്ങളില്‍ സൗകര്യങ്ങള്‍ അപര്യാപ്തമായതിനാല്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായി ശാന്തികവാടത്തിലേക്ക് കൂട്ടത്തോടെ കൊണ്ടുവരികയായിരുന്നു. മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിനും മറ്റും ആംബുലന്‍സ് ഏജന്‍സികലുടെ സേവനവും പ്രയോജനപ്പെടുത്തുന്നുണ്ട്. ശാന്തികവാടത്തിന് സ്വന്തമായുള്ള ആംബുലന്‍സുകള്‍ക്ക് പുറമെ,? കോര്‍പ്പറേഷന നാല് ആംബുലന്‍സുകള്‍ കൂടി വാടകയ്ക്ക് എടുത്തിട്ടുണ്ട്. ഇതോടെ മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ബുദ്ധിമുട്ട് മാറി. കൊവിഡ് രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഉയര്‍ന്നതോടെ കൊവിഡിതര രോഗങ്ങളെ തുടര്‍ന്ന് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ മറ്റ് ശ്മശാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. വിവിധ സമുദായങ്ങള്‍ക്ക് കീഴിലുള്ള ശ്മശാനങ്ങളും ഇതില്‍ സുപ്രധാന പങ്ക് വഹിച്ചതായി ശാന്തികവാടത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പുതിയ ഒരു ഗ്യാസ് ഫര്‍ണസ് അടക്കം രണ്ടെണ്ണത്തിലും പത്ത് വര്‍ഷം പഴക്കമുള്ള ഇലക്ട്രിക് ഫര്‍ണസിലുമാണ് ദിവസങ്ങളായി ഇടതടവില്ലാതെ ഉപയോഗിക്കുന്നത്.നഗരത്തിലെ എല്ലാ ആശുപത്രികളിലും കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ തൈക്കാട്ടാണ് എത്തിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരിക്കുന്ന മറ്റുജില്ലകളില്‍ നിന്നുള്ളവരുടെയും നാഗര്‍കോവില്‍ മേഖലകളില്‍നിന്നുള്ളവരുടെ മൃതദേഹങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇടതടവില്ലാതെ ഉപയോഗിച്ചതോടെ ഇലക്ട്രിക് ഫര്‍ണസുകളില്‍ ഒരെണ്ണം തകരാറിലായി. ഇത് അറ്റകുറ്റപ്പണി നടത്തിവരികയാണ്. പത്ത് ദിവസത്തിനകം ഇത് പൂര്‍വസ്ഥിതിയില്‍ പ്രവര്‍ത്തനക്ഷമം ആകുമെന്ന് അധികൃതര്‍ പറഞ്ഞു. നിലവില്‍ മരണനിരക്ക് കുറഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ കൊവിഡ് ബാധിച്ചല്ലാതെ മരിക്കുന്നവരുടെ മൃതദേഹങ്ങളും സംസ്‌കരിക്കാന്‍ കഴിയുന്ന സ്ഥിതിയുണ്ട്. രണ്ടാം തരംഗത്തില്‍ നിര്‍ദ്ധനരായ പല കുടുംബങ്ങള്‍ക്കും സംസ്‌കാരത്തിനുള്ള ഫീസ് കോര്‍പ്പറേഷന്‍ ഒഴിവാക്കി കൊടുത്തിരുന്നു.