Sunday, April 28, 2024
indiaNewsSports

ഇംഗ്ലണ്ട് പര്യടനം; റിഷഭ് പന്തിന് കൊവിഡ് പോസിറ്റീവ്

ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിന് കോവിഡ് സ്ഥിരീകരിച്ചു. പോസിറ്റീവായ പന്ത് ഹോം ക്വാറന്റൈനില്‍ കഴിയുകയാണെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സിന് ലഭിച്ച വിവരം. നിലവില്‍ ഇംഗ്ലണ്ടിലുള്ള ബന്ധുവിന്റെ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്ന താരം പിന്നീട് ദര്‍ഹാമില്‍ ടീമിനൊപ്പം ചേരും.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ശേഷം ഇംഗ്ലണ്ടില്‍ അവധി ആഘോഷിച്ചിരുന്ന ഇന്ത്യന്‍ താരങ്ങള്‍ ഇന്നാണ് ദര്‍ഹാമില്‍ ബയോ ബബിളില്‍ പ്രവേശിക്കുക. തൊണ്ട വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പന്തിന് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിച്ച വിവരം. താരവുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്ന കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫുകളും മൂന്ന് ദിവസം ഐസൊലേഷനില്‍ കഴിഞ്ഞിരുന്നു. അവരുടെ ഐസൊലേഷന്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായി.

ബുധനാഴ്ച ചീഫ് സെലക്ടറായ ചേതന്‍ ശര്‍മ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയെ കൊല്‍ക്കത്തയില്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ എന്തിനായിരുന്നു കൂടിക്കാഴ്ചയെന്ന് ഇരുവരും വ്യക്തമാക്കിയില്ല. പാക്കിസ്ഥാന്‍ പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീം അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഇന്ത്യന്‍ താരവും കോവിഡ് പോസിറ്റീവ് ആകുന്നത്. കഴിഞ്ഞ ആഴ്ച പരമ്പര ആരംഭിക്കുന്നതിന് രണ്ടു ദിവസം മുന്‍പാണ് ഏഴ് ഇംഗ്ലണ്ട് ടീം അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. താരങ്ങള്‍ക്ക് ഉള്‍പ്പെടെ കോവിഡ് ബാധിച്ചതോടെ ഇംഗ്ലണ്ട് പുതിയ ടീമുമായാണ് മൂന്ന് ഏകദിന മത്സരങ്ങളും കളിച്ചത്.