Monday, April 29, 2024
keralaNewsUncategorized

അഗ്‌നി രക്ഷാ വകുപ്പ് ശബരിമല സുരക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി

ശബരിമല: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് അഗ്‌നി രക്ഷാ വകുപ്പ് ശബരിമലയിലെ സുരക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി.
അഗ്‌നിരക്ഷാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. ബി. സന്ധ്യ പമ്പ, നിലയ്ക്കല്‍ ഭാഗങ്ങളിലെ സുരക്ഷാ മുന്നൊരുക്കങ്ങളാണ് വിലയിരുത്തിയത് .
അഗ്‌നിരക്ഷാ വകുപ്പ് ഡയറക്ടര്‍ ടെക്‌നിക്കല്‍ നൗഷാദ്, ഡയറക്ടര്‍ അഡ്മിനിസ്‌ട്രേഷന്‍ അരുണ്‍ അല്‍ഫോണ്‍സ്, റീജിയണല്‍ ഫയര്‍ ഓഫീസര്‍മാരായ അരുണ്‍ കുമാര്‍, സിദ്ധകുമാര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ ബി.എം. പ്രതാപ്ചന്ദ്രന്‍, സ്റ്റേഷന്‍ ഓഫീസര്‍മാരായ ജോസഫ് ജോസഫ്, വി. വിനോദ് കുമാര്‍, ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള ഫയര്‍ ഫോഴ്‌സ് സംഘം ഡയറക്ടര്‍ ജനറലിനെ അനുഗമിച്ചു. സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി രൂപീകരിച്ച റോഡ് സുരക്ഷാ ജാഗ്രതാ ടീമിന്റെ പ്രവര്‍ത്തനോദ്ഘാടനം ഡയറക്ടര്‍ ജനറല്‍ നിര്‍വഹിച്ചു. 50 പേരടങ്ങുന്ന ടീം ആണ് ജാഗ്രതാ സമിതിയില്‍ ഉള്ളത്. മണ്ഡല മകരവിളക്ക് കാലത്ത് റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് പെട്ടെന്ന് സഹായം എത്തിക്കുക എന്ന ഉദ്ദേശത്തോടെ ആണ് ടീം പ്രവര്‍ത്തിക്കുന്നതെന്ന് ഡോ. ബി സന്ധ്യ അറിയിച്ചു. പരിശോധനകള്‍ക്ക് ശേഷം പമ്പാ ശ്രീ വിനായകാ ഗസ്റ്റ് ഹൗസില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് സ്ഥിതി ഗതികള്‍ വിലയിരുത്തി. ശബരിമലയില്‍ സുരക്ഷിതമായ മണ്ഡല കാലം പൂര്‍ത്തിയാക്കുന്നതിന് സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ ഡയറക്ടര്‍ ജനറല്‍ നല്‍കി.