Thursday, May 16, 2024
Uncategorized

ശബരിമല തിരുവാഭരണ കേസ് സുപ്രീംകോടതി നാളെ പരിഗണിക്കും

ദില്ലി: തിരുവാഭരണത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തര്‍ക്കത്തിനിടെ ശബരിമല തിരുവാഭരണ കേസ് സുപ്രീംകോടതി നാളെ പരിഗണിക്കും. 2020 ഫെബ്രുവരിയില്‍ കോടതി പരിഗണിച്ച കേസ് രണ്ട് വര്‍ഷത്തിന് ശേഷമാണ് അതും മണ്ഡലമാസം ആരംഭിക്കുന്നതിന് ഒരു ദിവസം മുന്‍പ് വീണ്ടും പരിഗണനയ്ക്ക് എത്തുന്നത്. കേസ് സംസ്ഥാന സര്‍ക്കാരിനും പന്തളം കൊട്ടാരത്തിനും ഒരു പോലെ നിര്‍ണായകമാണ്.ശബരിമലക്കായി നിയമം കൊണ്ടുവരുന്നതിന്റെ പുരോഗതിയും കോടതി വിലയിരുത്തും. നിയമത്തിന്റെ കരട് തയാറാക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയിരുന്നു. മണ്ഡലകാലത്ത് തന്നെ കേസ് എത്തുന്നത് സര്‍ക്കാരിനും നിര്‍ണായകമാണ്. ദേവപ്രശ്‌നം നടത്തിയത് പന്തളം കൊട്ടാരത്തിന്റെ സമ്മതമില്ലാതെയാണെന്നും അതിനാല്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് തടയണമെന്നും ശബരിമല ഭരണത്തിന് പ്രത്യേക ഉപദേശക സമിതി വേണമെന്നുമാണ് കൊട്ടാരത്തിന്റെ വാദം. കേസില്‍ കക്ഷി ചേരാന്‍ രാജകുടുംബാംഗങ്ങായ രാജ രാജ വര്‍മ ഉള്‍പ്പെടെ 12 പേര്‍ നല്‍കിയ അപേക്ഷ കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. 2006 ജൂണില്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്നം ശരിവച്ചുള്ള ഹൈക്കോടതി വിധിക്കെതിരേ പി. രാമവര്‍മരാജയും പന്തളം കൊട്ടാരത്തിലെ മറ്റ് അംഗങ്ങളും നല്‍കിയ ഹര്‍ജിയാണ് ചൊവ്വാഴ്ച സുപ്രീംകോടതിക്ക് മുന്നില്‍ എത്തുന്നത്. ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, എസ്.രവീന്ദ്ര ഭട്ട് എന്നിവരാണ് കേസ് പരിഗണിക്കുക. തിരുവാഭരണത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തര്‍ക്കത്തിനിടെയാണ് കേസ് പരിഗണനയ്ക്ക് എത്തുന്നത്. അയ്യപ്പന് ചാര്‍ത്തുന്ന തിരുവാഭരണത്തിന്റെ കണക്കെടുത്ത് സീല്‍ വച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായരെ 2020 ഫെബ്രുവരിയില്‍ സുപ്രീംകോടതി നിയോഗിച്ചിരുന്നു.തിരുവാഭരണം രാജകുടുംബത്തിന്റെ കൈവശം തുടരുന്നതില്‍ സുരക്ഷാപ്രശ്നമുണ്ടോ എന്ന വിഷയം പരിശോധിക്കണമെന്നും കോടതി അന്ന് നിര്‍ദേശിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് ചൊവ്വാഴ്ച കോടതി പരിഗണിക്കും.തിരുവാഭരണ ഉടമസ്ഥാവകാശത്തെ ചൊല്ലി കൊട്ടാരത്തിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കഴിഞ്ഞ തവണ കോടതി അതൃപ്തി അറിയിച്ചിരുന്നു. അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇടപെടാന്‍ അന്നത്തെ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിനോട് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് അഭ്യര്‍ത്ഥിച്ചിരുന്നു. കേസിലെ പ്രധാന ഹര്‍ജിക്കാരാനായ പി.രാമവര്‍മരാജ ജൂണില്‍ അന്തരിച്ചു.