Tuesday, May 14, 2024
keralaNewsUncategorized

ശബരിമല തീര്‍ത്ഥാടനം സത്രം കാനന പാത ഇത്തവണ തുറക്കും

പത്തനംതിട്ട: രണ്ട് വര്‍ഷമായി തുറക്കാത്ത സത്രം കാനന പാത ഇത്തവണ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുറക്കുമെന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ അറിയിച്ചു. സത്രം കാനന പാതയിലെ കാട് വെട്ടിതെളിച്ചതായും കുടിവെള്ളം കൊടുക്കാനുള്ള പോയിന്റുകള്‍ സജ്ജീകരിച്ചതായും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. ഭക്തരുടെ സുരക്ഷയ്ക്കായി സോളാര്‍ ഫെന്‍സിംഗ് സ്ഥാപിച്ച് തത്കാലിക ഷെഡ് സൗകര്യങ്ങളും ജീവനക്കാരുടെ സേവനവും ഒരുക്കിയിട്ടുണ്ട്. റൂട്ട് മാപ്പ്, ഓരോ പാതയിലും ഏതൊക്കെ പോയിന്റില്‍ ജലം ലഭിക്കും തുടങ്ങിയ വിവരങ്ങള്‍ ഭക്തര്‍ക്ക് മൊബൈല്‍ ആപ്പ് വഴി ലഭിക്കും. അടിയന്തിര വൈദ്യ സഹായത്തിനു ആപ്പ് വഴി സഹായം തേടാന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഭക്തരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള എല്ലാം പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചതായി അധികൃതര്‍ അറിയിച്ചു. തോട്ടപുര മേഖലയില്‍ സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുണ്ട്. സത്രം മേഖലയില്‍ വാട്ടര്‍ അതോറിട്ടിയുടെ ശുദ്ധജലം വിതരണം ഒരുക്കാന്‍ നിര്‍ദേശം നല്‍കി. വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു. വഴിയില്‍ ഉപയോഗശൂന്യമായി കിടക്കുന്ന വാഹനങ്ങള്‍ എടുത്തുമാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു. അപകടകരമായി നില്‍ക്കുന്ന കാടുകള്‍ വെട്ടിതെളിക്കാന്‍ വനം വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. റോഡ് സൂചന ബോര്‍ഡുകള്‍ കൃത്യമായി സ്ഥാപിക്കാനും അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് എംഎല്‍എ അറിയിച്ചു