Friday, May 3, 2024
indiaNewspolitics

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: ചരിത്ര നിമിഷത്തിന് കാതോര്‍ത്ത് രാജ്യം

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഇന്ന് ഉച്ചയോടെ അറിയാം. രാവിലെ മുതല്‍ പാര്‍ലമെന്റില്‍ വോട്ടെണ്ണല്‍ ആരംഭിക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവും സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയുമാണ് മത്സര രംഗത്ത്. ദ്രൗപദി മുര്‍മു വിജയം ഉറപ്പിച്ച തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് വേണ്ടി കാതോര്‍ത്തിരിക്കുകയാണ് രാജ്യം.

ജൂലൈ 25 നാണ് സത്യപ്രതിജ്ഞ നടക്കുക. സ്വതന്ത്ര്യ ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയാണ് അന്ന് അധികാരമേല്‍ക്കുന്നത്. 771 എംപിമാരാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്. അഞ്ച് പേര്‍ പങ്കെടുത്തിരുന്നില്ല. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 4025 എംഎല്‍എമാരും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ വോട്ടിങ് 99.18 ശതമാനമായിരുന്നു.

ഗുജറാത്ത്, കര്‍ണ്ണാടക, കേരളം,  മദ്ധ്യപ്രദേശ്, തമിഴ്‌നാട്, ഗോവ, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നൂറ് ശതമാനം വോട്ടും രേഖപ്പെടുത്തി. വിവിധ നിയമസഭകളില്‍ നിന്നുള്ള ബാലറ്റ് പെട്ടികള്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി പാര്‍ലമെന്റില്‍ എത്തിച്ചു. വരണാധികാരിയായ രാജ്യസഭാ സെക്രട്ടറി ജനറല്‍ പിസി മോദിയുടെ നേതൃത്വത്തിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.