Friday, May 10, 2024
Newsworld

റഷ്യയുടെ 50 ഓളം സൈനികര്‍ കൊല്ലപ്പെട്ടു: നാല് റഷ്യന്‍ ടാങ്കുകളും തകര്‍ത്തു.

കീവ് : റഷ്യ നടത്തിയ ആക്രമണത്തെ ചെറുക്കുന്നതിനിടെ റഷ്യയുടെ 50 ഓളം സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രെയ്നിന്റെ സൈനിക കമാന്‍ഡ് അറിയിച്ചു. കിഴക്കന്‍ നഗരമായ കാര്‍ക്കീവിന് സമീപം നാല് റഷ്യന്‍ ടാങ്കുകളും തകര്‍ത്തു. മറ്റൊരു റഷ്യന്‍ വിമാനത്തെ ക്രാമാറ്റോര്‍സ്‌കില്‍ തകര്‍ത്തുവെന്നും സായുധ സേനയുടെ ജനറല്‍ സ്റ്റാഫ് ട്വീറ്റ് ചെയ്തു.

വിമതമേഖലയായ ലുഹാന്‍സ്‌കില്‍ ഉള്‍പ്പെടെ ആറ് റഷ്യന്‍ യുദ്ധവിമാനങ്ങളും ഒരു റഷ്യന്‍ ഹെലികോപ്റ്ററും വെടിവച്ച് വീഴ്ത്തിയെന്ന് യുക്രെയ്ന്‍ സൈന്യം അറിയിച്ചതായി വാര്‍ത്താ എജന്‍സി റോയിട്ടേഴ്‌സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവിധയിടങ്ങളില്‍ അതിഭീകരമായ തുടര്‍ സ്‌ഫോടനങ്ങള്‍ നടന്നതോടെയാണ് യുക്രെയ്ന്‍ തിരിച്ചടിക്കാന്‍ തുടങ്ങിയത്. റഷ്യയാണ് ഏകപക്ഷീയമായ ആക്രമണം തുടങ്ങിവച്ചതെന്നും ആരും ഒളിച്ചോടാന്‍ പോകുന്നില്ലെന്നും. യുക്രെയ്ന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ ട്വീറ്റ് ചെയ്തു. ശക്തമായി തന്നെ തിരിച്ചടിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നിരവധി നഗരങ്ങളില്‍ ആക്രമണം ഉണ്ടായതോടെ യുക്രെയ്‌നില്‍ പട്ടാളനിയമം പ്രഖ്യാപിച്ചു. ലോകരാജ്യങ്ങള്‍ റഷ്യയെ തടയണമെന്നും യുക്രെയ്ന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. യുക്രെയ്ന്‍ സൈനിക സംവിധാനങ്ങള്‍ക്കു നേരെയാണ് ആക്രമണമെന്നും നഗരങ്ങള്‍ക്കുനേരെ മിസൈല്‍ ആക്രമണം നടത്തില്ലെന്നും റഷ്യന്‍ പ്രതിരോധ വകുപ്പ് അറിയിച്ചു. യുക്രെയ്നില്‍ റഷ്യയുടെ വ്യോമാക്രമണം അതിരൂക്ഷമായതിനു പിന്നാലെയാണ് വിശദീകരണം.