Monday, April 29, 2024
indiaNews

റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍വാതകം

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ആരംഭിച്ച കര്‍ഷകരുടെ ട്രാക്ടര്‍ റാലി പോലീസ് തടഞ്ഞു. പോലീസും കര്‍ഷകരും നേര്‍ക്ക്‌നേര്‍ നിലയുറപ്പിച്ചിരിക്കുകയാണ്. സംഘര്‍ഷ സാഹചര്യം പൊട്ടിപുറപ്പെട്ടതോടെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു . കര്‍ഷകര്‍ മുന്‍പ് നിശ്ചയിച്ചതിലും നേരത്തെയാണ് മാര്‍ച്ച് ആരംഭിച്ചിരിക്കുന്നത്.

നേരത്തെ, സിംഘു, തിക്രി അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ മറികടന്ന് ഡല്‍ഹിയിലേക്കു പ്രവേശിച്ച കര്‍ഷകരെ പിന്തിരിപ്പിക്കാനുള്ള പോലീസിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു . തുടര്‍ന്ന് ഇവര്‍ സഞ്ജയ് ഗാന്ധി ട്രാന്‍സ്‌പോര്‍ട് നഗറില്‍ പ്രവേശിച്ചു. അവിടെ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് മാര്‍ച്ച് തടയുകയായിരുന്നു.

റിപ്പബ്ലിക് ദിന പരേഡിന് ശേഷം പതിനൊന്നുമണിയോടെ ആണ് കര്‍ഷക മാര്‍ച്ചിന് അനുമതി നല്‍കിയിരുന്നത് എന്നാല്‍ കര്‍ഷകരെ നേരത്തെ തന്നെ മാര്‍ച്ച് ആരംഭിച്ചിരുന്നു. നേരത്തെ നിശ്ചയിച്ചിരുന്ന പാതയില്‍ നിന്നു വ്യതിചലിച്ചായിരുന്നു കര്‍ഷകരുടെ മാര്‍ച്ച്. ട്രാക്ടറുകളിലെത്തിയ കര്‍ഷകര്‍ ബാരിക്കേഡുകള്‍ മറികടക്കുകയായിരുന്നു. കര്‍ഷകര്‍ വാഹനം തടഞ്ഞതോടെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു.