Sunday, April 28, 2024
keralaNews

രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ അജിത്കുമാറിന്

സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ പിരപ്പന്‍കോട് സ്വദേശിയായ അജിത് കുമാറിന്. കേരള പൊലീസിലും പുറമെയുമായി നിരവധി പേര്‍ക്ക് നല്‍കിയ പരിശീലനമാണ് പുരസ്‌കാരത്തിനര്‍ഹനാക്കിയത്. സംസ്ഥാനത്തെ വി.ഐ.പി സന്ദര്‍ശന സമയത്തെ കൃത്യമായ ഇടപെടലുകളും പുരസ്‌കാരത്തിന് സഹായിച്ചു. നേരത്തെ മലപ്പുറത്ത് എം.എസ്.പി ഡെപ്യൂട്ടി കമാന്‍ഡറായിരുന്ന അജിത് കുമാര്‍ നിലവില്‍ കായിക യുവജന വകുപ്പില്‍ അഡീഷണല്‍ ഡയറക്ടറാണ്.

എന്‍.എസ്.ജിയില്‍നിന്ന് പൊലീസ് കമാന്‍ഡോ ഇന്‍സ്ട്രക്റ്റര്‍ കോഴ്‌സ് വിജയിച്ച സംസ്ഥാനത്തെ ആദ്യവ്യക്തിയാണ് ഇദ്ദേഹം.

വി.ഐ.പി സെക്യൂരിറ്റിയിലും ദുരന്ത നിവാരണത്തിലും വിവിധ കോഴ്‌സുകള്‍ വിജയിച്ച അദ്ദേഹം നിരവധി പേര്‍ക്ക് പരിശീലനവും നല്‍കി. മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ കമാന്‍ഡോ ഓഫിസറായിരുന്ന അജിത് കേരളത്തില്‍ പ്രധാനമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ സന്ദര്‍ശന സമയത്ത് എസ്‌കോര്‍ട്ട് ഓഫിസറായും ചുമതല വഹിച്ചിട്ടുണ്ട്.

നീന്തല്‍ മത്സരങ്ങളില്‍ 15 വര്‍ഷം കേരളത്തെ പ്രതിനിധീകരിച്ചു. നീന്തലിലും വാട്ടര്‍ പോളോയിലും കേരള യൂനിവേഴ്‌സിറ്റിയുടെയും കേരളത്തിെന്റയും ക്യാപ്റ്റനായിരുന്നു. കേരള യൂനിവേഴ്‌സിറ്റിയുടെ ഇന്റര്‍ യൂനിവേഴ്‌സിറ്റി ചാമ്ബ്യന്‍ഷിപ്പില്‍ നീന്തലില്‍ ആദ്യസ്വര്‍ണമെഡല്‍ ജേതാവുമാണ്. ഇപ്പോള്‍ കൈമനത്താണ് താമസം. ഭാര്യ: ശ്രീജ. മക്കള്‍: ഐശ്വര്യ, ലക്ഷ്മി.