Sunday, May 5, 2024
indiaNews

മുഖ്യമന്ത്രി സ്ഥാനവും – പാര്‍ട്ടി കണ്‍വീനര്‍ സ്ഥാനവും ഒഴിയില്ല

ദില്ലി: മദ്യനയ അഴിമതി കേസില്‍ ഇഡി കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനവും, എഎപി ദേശീയ കണ്‍വീനര്‍ പാര്‍ട്ടി കണ്‍വീനര്‍ സ്ഥാനവും രാജിവെക്കില്ല. ജയിലില്‍ നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കും ഭരണനിര്‍വ്വഹണ ചുമതല മന്ത്രിമാരില്‍ ആര്‍ക്കെങ്കിലും നല്‍കുമെന്നാണ് ഇപ്പോഴത്തെ വിവരം.

ഇ ഡി കേസും നടപടിയും തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാനാണ് എഎപി ശ്രമം. ഇതിനായി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യയെയും പ്രചാരണത്തിന് ഇറക്കാന്‍ എഎപി ആലോചിക്കുന്നുണ്ട്. കേസില്‍ കെ കവിത – അരവിന്ദ് കെജ്രിവാള്‍ ഡീലിന് ഇഡി തെളിവ് നിരത്തുന്നു. കെ കവിതയും മഗുണ്ട റെഡ്ഡിയും പണം നല്‍കി.

കവിതയുമായി ഡീല്‍ ഉറപ്പിച്ചെന്ന് കെജ്രിവാള്‍ പറഞ്ഞതായി മഗുണ്ട റെഡ്ഡിയുടെ മൊഴി ഇഡി കോടതിയില്‍ ഹാജരാക്കി. കെജ്രിവാളിന് നല്‍കാന്‍ കവിത 50 കോടി ആവശ്യപ്പെട്ടുവെന്നും റിമാന്‍ഡ് അപേക്ഷയില്‍ പരാമര്‍ശമുണ്ട് .  കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ദില്ലിയില്‍ ഇന്ന് എഎപി നേതാക്കളുടെ രാജ്യ സംരക്ഷണ പ്രതിജ്ഞ നടക്കും. ദില്ലി ശഹീദി പാര്‍ക്കിലെ പരിപാടിയില്‍ എഎപി മന്ത്രിമാരും എംഎല്‍എമാരും കൗണ്‍സിലര്‍മാരും പങ്കെടുക്കും.

പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 26ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്‍പില്‍ പ്രതിഷേധം സംഘടിപ്പിക്കും. ഘെരാവോ മോഡല്‍ സമരമുറയാകും സ്വീകരിക്കുക. കേസില്‍ നേരത്തെ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ.കവിതയുടെ ഇഡി കസ്റ്റഡി ഇന്ന് അവസാനിക്കും.

കവിതയെ വീണ്ടും ദില്ലി റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കും. ഇഡി വീണ്ടും കവിതയെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. ജാമ്യം ആവശ്യപ്പെട്ട് കവിത വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കിയേക്കുമെന്നും വിവരമുണ്ട്. കഴിഞ്ഞ ദിവസം കവിതയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു.