Friday, May 3, 2024
keralaNewspolitics

പുതുപ്പള്ളിയില്‍ ആദ്യ മണിക്കൂറില്‍ മികച്ച പോളിംഗ്

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ആദ്യ മണിക്കൂറില്‍ മികച്ച പോളിംഗ് . രാവിലെ ഏഴിന് പോളിങ് ആരംഭിച്ചത് മുതല്‍ മിക്ക ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ്. മഴ മാറി നില്‍ക്കുന്നതിനാല്‍ രാവിലെ തന്നെ പോളിങ് ശക്തമാകുമെന്നാണ് പ്രതീക്ഷ. വൈകിട്ട് ആറിനാണു സമാപനം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യചര്‍ച്ചാവിഷയമായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വികസനവും വിവാദങ്ങളും ഒപ്പം ഉയര്‍ന്നിരുന്നു. മുന്‍ മുഖ്യമന്ത്രിയുടെ മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ സ്ഥാനാര്‍ഥിയാകുന്നു എന്ന അപൂര്‍വതയ്ക്ക് പുതുപ്പള്ളി സാക്ഷ്യം വഹിക്കുകയാണ്.                                                                                                                  നിയമസഭയിലേക്ക് ചാണ്ടി ഉമ്മന്റെ ആദ്യ മത്സരമാണ്. ഇടത് മുന്നണി സ്ഥാനാര്‍ഥി ജെയ്ക് സി.തോമസാണ് മുഖ്യ എതിരാളി. 2 തവണ അച്ഛനോട് മത്സരിച്ച ശേഷം മകനോട് ജെയ്ക് മത്സരിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ലിജിന്‍ ലാലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ആംആദ്മി പാര്‍ട്ടിയുടേത് ഉള്‍പ്പെടെ 7 പേര്‍ മത്സരരംഗത്തുണ്ട്. വോട്ടര്‍മാര്‍ 1,76,417. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാന്‍സ്‌ജെന്‍ഡറുകളും അടക്കം 1,76,417 വോട്ടര്‍മാരാണുള്ളത്. വോട്ടെടുപ്പ് ഡ്യൂട്ടിക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. എട്ടു പഞ്ചായത്തുകളിലായി 182 ബൂത്തുകളാണ് മണ്ഡലത്തില്‍. 182 പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തി.                                                                                            വോട്ടെടുപ്പിന്റെ സുരക്ഷയ്ക്കായി 675 അംഗ പൊലീസ് സേനയെയാണ് നിയോഗിച്ചിരിക്കുന്നത്. അഞ്ച് ഡിവൈഎസ്.പിമാര്‍, ഏഴ് സിഐമാര്‍, 58 എസ്‌ഐ/എഎസ്‌ഐമാര്‍, 399 സിവില്‍ പൊലീസ് ഓഫിസര്‍മാര്‍, 142 സായുധപൊലീസ് ബറ്റാലിയന്‍ അംഗങ്ങള്‍, 64 കേന്ദ്രസായുധപൊലീസ് സേനാംഗങ്ങള്‍ (സിഎപിഎഫ്) എന്നിവരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. എഡിജിപി., ഡിഐജി, സോണല്‍ ഐജി, ജില്ലാ പൊലീസ് മേധാവി എന്നിവരുടെ നേതൃത്വത്തില്‍ സ്‌ട്രൈക്കിങ് ഫോഴ്‌സും പ്രവര്‍ത്തിക്കും.ഇന്ന് പുതുപ്പള്ളി മണ്ഡലത്തിന്റെ പരിധിയിലുള്ള സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങള്‍ക്കു പൊതുഅവധിയാണ്.                                                           പുതുപ്പള്ളി മണ്ഡലത്തിന്റെ പരിധിയില്‍ ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംരംഭങ്ങള്‍, സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, കടകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും വേതനത്തോടു കൂടിയ അവധി. പോളിങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. മണ്ഡലത്തില്‍ ഇന്നു വൈകിട്ട് 6 വരെ നിരോധനാജ്ഞ നിലവിലുണ്ട്.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആളുകള്‍ ഒത്തുകൂടുന്നതും റാലികളും പൊതുസമ്മേളനങ്ങളും നടത്തുന്നതും വിലക്കി.                                                                                                                                             പാമ്പാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വെള്ളൂര്‍ സെന്‍ട്രല്‍ എല്‍പി സ്‌കൂളിലെ 91,92,93,94 നമ്പര്‍ ബൂത്തുകള്‍ അതീവജാഗ്രതാ ബൂത്തുകളായി കണ്ടെത്തി. ഈ 4 ബൂത്തുകളിലും സാധാരണ സുരക്ഷയ്ക്കു പുറമേ അധികമായി ഒരു സിവില്‍ പൊലീസ് ഓഫിസറെ കൂടി നിയമിച്ചിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിലെ 126-ാം നമ്പര്‍ ബൂത്തില്‍ രാവിലെ വോട്ട് ചെയ്തു. അമ്മ മറിയാമ്മ ഉമ്മനും സഹോദരിമാര്‍ക്കുമൊപ്പം എത്തിയാവും വോട്ട് രേഖപ്പെടുത്തുക. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസ് മണര്‍കാട് ഗവ.എല്‍പി സ്‌കൂളിലെ 72-ാം നമ്പര്‍ ബൂത്തില്‍ രാവിലെ വോട്ട് ചെയ്തു.                                 ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ കടുത്തുരുത്തി മണ്ഡലത്തിലെ കുറിച്ചിത്താനം സ്വദേശിയായതിനാല്‍ പുതുപ്പള്ളിയില്‍ വോട്ടില്ല.ചലച്ചിത്രതാരം ഭാമയുടെ വോട്ട് മണര്‍കാട് സെന്റ് മേരീസ് ബൂത്ത് നമ്പര്‍ 84ലിലും, മന്ത്രി വി.എന്‍.വാസവന്‍ പാമ്പാടി എംജിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തും.