Monday, April 29, 2024
BusinessindiaNews

പിഎസ്എല്‍വി-സി 55 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍

ചെന്നൈ: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും വിക്ഷേപിച്ച സിംഗപ്പൂരിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ടെലിയോസ് 2, ചെറു ഉപഗ്രഹം ലൂമിലൈറ്റ് 4 എന്നിവ ഭ്രമണപഥത്തിലെത്തിച്ച് പിഎസ്എല്‍വി-സി 55 ദൗത്യം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ ഉച്ചയ്ക്ക് 2.19നായിരുന്നു വിക്ഷേപണം. വിക്ഷേപണത്തറയിലെത്തിക്കാതെ റോക്കറ്റിന്റെ ഘടകങ്ങള്‍ വേഗത്തില്‍ സംയോജിപ്പിക്കുന്ന പിഎസ്എല്‍വി ഇന്റഗ്രേഷന്‍ ഫെസിലിറ്റി (പിഐഎഫ്) ഉപയോഗപ്പെടുത്തിയ ആദ്യ പിഎസ്എല്‍വി റോക്കറ്റാണ് വാണിജ്യ വിക്ഷേപണത്തിനായി ഐഎസ്ആര്‍ഒ ഉപയോഗിച്ചത്. 757 കിലോ ഭാരമുള്ള ഉപഗ്രഹങ്ങളാണു 586 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചത്. പിഎസ്എല്‍വിയുടെ 57ാമത് വിക്ഷേപണമാണിത്. സി വേരിയന്റിന്റെ 16ാമത്തെ വിക്ഷേപണമാണ് ഇന്നു നടന്നത്. സിംഗപ്പുരില്‍ നിന്നുള്ള രണ്ട് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിക്കുന്നതിനൊപ്പം പോം (പിഎസ്എല്‍വി ഓര്‍ബിറ്റല്‍ എക്‌സ്പരിമെന്റ് മൊഡ്യൂള്‍ പിഒഇഎം) എന്ന മൊഡ്യൂളും വിക്ഷേപണത്തിന്റെ ഭാഗമാകുന്നു. പോം വഹിക്കുന്ന പിഎസ്എല്‍വിയുടെ മൂന്നാമത്തെ ദൗത്യമാണിത്. പിഎസ്എല്‍വിസി53 ആയിരുന്നു പോമുമായി ആദ്യം വിക്ഷേപിച്ചത്. പോളാര്‍ എര്‍ത്ത് ഓര്‍ബിറ്റില്‍ പരീക്ഷണം നടത്തുകയാണ് പോമിന്റെ കര്‍ത്തവ്യം. ഒരു മാസമാണ് പോമിന്റെ പ്രവര്‍ത്തന കാലാവധി.പിഐഎഫ് എന്ന അസംബ്ലി കേന്ദ്രത്തില്‍നിന്ന് വിക്ഷേപണത്തിന് തയാറാക്കുന്ന ആദ്യ റോക്കറ്റ് ആണ് പിഎസ്എല്‍വിസി55. റോക്കറ്റുകള്‍ വിക്ഷേപണം ചെയ്യുന്നതിനു മുന്‍പ് പാതി അസംബിള്‍ ചെയ്യുന്ന കേന്ദ്രമാണിത്. മുന്‍പ് റോക്കറ്റുകള്‍ വിക്ഷേപണത്തറയില്‍ എത്തിച്ചാണ് അസംബിള്‍ ചെയ്തിരുന്നത്. എന്നാല്‍ ഇനിമുതല്‍ പിഐഎഫില്‍ വച്ച് പാതി അസംബിള്‍ ചെയ്താണ് വിക്ഷേപണത്തറയിലേക്ക് എത്തിക്കുക. ഒരു റോക്കറ്റ് വിക്ഷേപണത്തിന് തയാറെടുക്കുമ്പോള്‍ത്തന്നെ മറ്റൊരു റോക്കറ്റിനെ അസംബിള്‍ ചെയ്യാന്‍ കഴിയുമെന്നതാണ് പിഐഎഫിന്റെ പ്രത്യേകത. ന്യൂ സ്‌പേസ് ഇന്ത്യാ ലിമിറ്റഡിന്റെ വാണിജ്യ വിക്ഷേപണമാണ് ഇന്നത്തേത്. തുടര്‍ച്ചായി വാണിജ്യ വിക്ഷേപണങ്ങള്‍ നടത്തുമ്പോള്‍ കാലതാമസം ഉണ്ടാകാതിരിക്കാനാണ് പിഐഎഫില്‍ വച്ച് പാതി അസംബിള്‍ ചെയ്യാന്‍ തീരുമാനിച്ചത്. പോമില്‍ ഐഎസ്ആര്‍ഒ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ്, സ്റ്റാര്‍ട്ടപ്പുകളായ ബെല്ലാട്രിക്‌സ്, ധ്രുവ സ്‌പേസ് എന്നിവയുടേതായ ഏഴ് പേലോഡുകളും ഉള്‍പ്പെടുന്നു.