Monday, May 6, 2024
indiakeralaNews

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയില്‍.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ബിപിസിഎല്ലിന്റെ പുതിയ പെട്രോ കെമിക്കല്‍ പ്ലാന്റ് ഉദ്ഘാടനമുള്‍പ്പെടെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. കൊറോണ വ്യാപനം കണക്കിലെടുത്ത് റിഫൈനറി പരിസരത്ത് ഒരുക്കുന്ന ചടങ്ങിലാകും എല്ലാ പദ്ധതികളുടെയും ഉദ്ഘാടനം. ബിജെപി നേതൃയോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തേക്കും.

കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ ഉച്ചയ്ക്കു 2.45നെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ കാക്കനാട് രാജഗിരി വാലിയിലെ ഹെലിപ്പാഡിലിറങ്ങും. തുടര്‍ന്ന് അമ്ബലമേട് വിഎച്ച്എസ്ഇ സ്‌കൂള്‍ ഗ്രൗണ്ടില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. 6000 കോടി രൂപ ചെലവില്‍ റിഫൈനറിയില്‍ പൂര്‍ത്തിയാക്കിയ പിഡിപി പ്രൊജക്ടാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ബൃഹത് പദ്ധതി. കൊച്ചി തുറമുഖ ട്രസ്റ്റ് നിര്‍മിച്ച അന്താരാഷ്ട്ര ക്രൂസ് ടെര്‍മിനല്‍, ഷിപ്പിയാര്‍ഡ് പരിശീലന കേന്ദ്രമായ വിജ്ഞാന്‍ സാഗര്‍ കാമ്ബസിലെ പുതിയ മന്ദിരം എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

ചെന്നൈയില്‍ നിന്നും വിമാനമാര്‍ഗം എത്തുന്ന പ്രധാനമന്ത്രി വിവിധ പൊതുപരിപാടികള്‍ക്കായി രണ്ടു മണിക്കൂറാകും കേരളത്തില്‍ ചെലവഴിക്കുക. തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന ഘട്ടത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യവും ഉണ്ട്. ബി.ജെ.പി നേതൃയോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തേക്കും. കോര്‍ കമ്മിറ്റിയിലെ എല്ലാ അംഗങ്ങളോടും 14നു കൊച്ചിയിലെത്താന്‍ ദേശീയ നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ രാഷ്ട്രീയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ സുരക്ഷയും ശക്തമാക്കി. കൊച്ചി നഗരത്തിലടക്കം നാളെ വാഹന നിയന്ത്രണം ഏര്‍പ്പെടുത്തും.