Wednesday, May 1, 2024
Local NewsNewsUncategorized

ഇളങ്ങുളം ധര്‍മ്മശാസ്ത ക്ഷേത്രത്തിലാണ് മോഷണശ്രമം നടന്നത്

പൊന്‍കുന്നം : ഇളങ്ങുളം ധര്‍മ്മശാസ്ത ക്ഷേത്രത്തില്‍ മോഷണശ്രമം നടത്തുന്നതിനിടെ മോഷ്ടാവിനെ പരിസരവാസികള്‍ കൈയോടെ പിടികൂടി പോലീസിന് കൈമാറി. അടിമാലി ചക്കിയാങ്കല്‍ പത്മനാഭന്‍ ( 63 ) ആണ് വ്യാഴാഴ്ച പുലര്‍ച്ചെ മോഷണശ്രമത്തിനിടെ പിടിയിലായത്.ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. ദേവസ്വം ഓഫീസ് കെട്ടിടത്തിലെ വഴിപാട് കൗണ്ടറിനോട് ചേര്‍ന്നുള്ള സ്റ്റോര്‍ മുറിയുടെ ഗ്രില്ലിന്റെ താഴാണ് തകര്‍ത്തത്. ഗ്രില്ലിന്റെ പൂട്ടുപൊളിക്കുന്ന ശബ്ദം കേട്ട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വീട്ടുകാര്‍ ഉണര്‍ന്നു. അവര്‍ ആളെക്കൂട്ടി എത്തിയപ്പോഴാണ് മോഷണശ്രമം കണ്ടത്. മോഷ്ടാവ് സമീപത്തെ വീടിന്റെ മതിലിനുമുകളിലൂടെ ചാടിക്കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ആള്‍ക്കാര്‍ ഓടിക്കൂടി പിടികൂടുകയായിരുന്നു.ഉപദേവാലയത്തിലെ ചെറിയ കാണിക്കവഞ്ചി തകര്‍ത്തിട്ടുണ്ട്. രണ്ടുദിവസം മുന്‍പ് ദേവസ്വം അധികൃതര്‍ കാണിക്കവഞ്ചിയില്‍ നിന്ന് പണം ശേഖരിച്ചിരുന്നതിനാല്‍ കാര്യമായ തുക ഉണ്ടായിരുന്നില്ല.ആദ്യം ക്ഷേത്രത്തിലെത്തിയ പരിസരവാസികള്‍ ക്ഷേത്രത്തിലെ മണിമുഴക്കിയും ഫോണിലൂടെ സമീപവാസികളെ അറിയിച്ചും കൂടുതല്‍ ആള്‍ക്കാരെ കൂട്ടിയിരുന്നു. ഇതിനിടെ പോലീസിനെയും വിവരമറിയിച്ചു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പോലീസ് സംഘം പദ്മനാഭനെ കസ്റ്റഡിയിലെടുത്തു.