Saturday, May 4, 2024
keralaLocal NewsNews

പുതിയ മെമ്പര്‍ -പഞ്ചായത്തില്‍ ഭരണവും മാറി ; എന്നിട്ടും ഒഴക്കനാട് റോഡ് തകര്‍ന്നു തന്നെ

എരുമേലി : വാര്‍ഡില്‍ പുതിയ മെമ്പര്‍ വന്നാലെങ്കിലും തകര്‍ന്ന് തരിപ്പണമായ ഒഴക്കനാട് റോഡ് നന്നാക്കുമെന്ന് വോട്ട് ചെയ്തവര്‍ പ്രതീക്ഷിച്ചു.പക്ഷെ പുതിയ മെമ്പര്‍ വന്നിട്ടും -എരുമേലി ഗ്രാമ പഞ്ചായത്ത് ഭരണം മാറിയിട്ടും ഒഴക്കനാട് റോഡ് തകര്‍ന്നു തന്നെ.കാവാലംപടി മുതല്‍ ഒഴക്കനാട് കോളനി വരെയുള്ള റോഡാണ് കാല്‍നട യാത്രക്ക് പോലും പറ്റാത്ത തരത്തില്‍ റോഡ് തകര്‍ന്നിരിക്കുന്നത് .അസുഖ ബാധിതരെ സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാനോ -ഓട്ടോ അടക്കം ടാക്‌സി വാഹനങ്ങള്‍ പോലും ഇതുവഴി വരാത്ത അവസ്ഥയാണുള്ളത്.റോഡ് തകര്‍ന്നിട്ട് മാസങ്ങളായിട്ടും നന്നാക്കാന്‍ ഉത്തരവാദപ്പെട്ട ഒരാളുപോലും തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇരുചക്ര വാഹന യാത്രക്കാര്‍, പ്രായമായ രോഗികള്‍, ഗര്‍ഭിണികള്‍ അടക്കം നിരവധി പേര്‍ സഞ്ചരിക്കുന്ന റോഡാണ് ജീവന് ഭീഷണിയായിത്തീര്‍ന്നിരിക്കുന്നത്.എന്നാല്‍ റോഡ് പണിക്കായി ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും പക്ഷെ കരാര്‍ എടുക്കാന്‍ ആരും തയ്യാറാകുന്നില്ലെന്നും പറയുന്നു.എന്നാല്‍ റോഡ് പണിക്ക് അനുവദിച്ച ഫണ്ട് കുറവായതാണ് കരാര്‍ എടുക്കാത്തതെന്നും പറയുന്നു.കോളനിയിലടക്കം 100 ലധികം കുടുംബങ്ങള്‍ താമസിക്കുന്ന ഏകദേശം രണ്ട് കിലോമീറ്ററോളം വരുന്ന ഒഴക്കനാട് റോഡ് സഞ്ചാര യോഗ്യമാക്കാന്‍ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.ചെറുവള്ളി എസ്റ്റേറ്റും – ഒഴക്കനാട് വാര്‍ഡിന്റെ ഒരുഭാഗം ഭൂമി ഏറ്റെടുക്കുന്ന നിര്‍ദ്ദിഷ്ട എരുമേലി ശബരിമല വിമാനത്താവളം പദ്ധതിയില്‍ വിമാനം വന്നിറങ്ങുന്നതുവരെയെങ്കിലും ജീവിക്കാന്‍ അവസരമൊരുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.എന്നാല്‍ ഒഴക്കനാട് വാര്‍ഡിന്റെ മാത്രം അവസ്ഥയല്ല ഇതെന്നും പഞ്ചായത്തിലെ മിക്ക റോഡുകളുടേയും അവസ്ഥയാണിതെന്നും നാട്ടുകാര്‍ പറയുന്നു.