Wednesday, May 1, 2024
keralaNewspolitics

മന്ത്രി എ.കെ. ബാലന്റെ ഭാര്യ പി.കെ. ജമീല തരൂരില്‍ സ്ഥാനാര്‍ഥി.

മന്ത്രി എ.കെ. ബാലന്റെ ഭാര്യ പി.കെ. ജമീല തരൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന് തീരുമാനം. അഭിപ്രായ ഭിന്നതകള്‍ക്കൊടുവില്‍ സി.പി.എം ജമീലയെ തന്നെ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജമീല സാധ്യതാ പട്ടികയില്‍ ഇടം നേടിയപ്പോള്‍ തന്നെ പി.കെ ശശി, എം.ബി രാജേഷ്, സി.കെ ചാത്തുണ്ണി, വി.കെ ചന്ദ്രന്‍, വി.ചെന്താമരാക്ഷന്‍ എന്നിവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.എ.കെ ബാലന്‍ മത്സരിച്ച മണ്ഡലങ്ങളായ തരൂര്‍, കോങ്ങാട് എന്നിവിടങ്ങളില്‍ പി.കെ ജമീലയെ മത്സരിപ്പിക്കണമെന്നുള്ള നിര്‍ദ്ദേശമാണ് വന്നത്. സാധ്യതകള്‍ അനുകൂലിച്ച ബാലന്‍ പിന്നീട് എതിര്‍പ്പ് പരസ്യമായതോടെ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടായി. ഇന്നലെ ഇതെല്ലാം ശുദ്ധ അസംബന്ധമാണെന്നായിരുന്നു മന്ത്രി പറഞ്ഞത്. എന്നാല്‍, ഇന്ന് അത് വീണ്ടും തിരിച്ച് പറയേണ്ടി വരികയാണ് മന്ത്രിക്ക്.ജില്ലാ കമ്മിറ്റിയില്‍ ഇത്തരമൊരു ചര്‍ച്ചയേ നടന്നിട്ടില്ല. പ്രാഥമിക ചര്‍ച്ചയില്‍ പലരുടേയും പേരുകള്‍ വരാം. മുന്‍കൂട്ടിയുണ്ടാക്കിയ തിരക്കഥയാണ് ഇതിനു പിന്നിലെന്നും എ.കെ ബാലന്‍ പറഞ്ഞിരുന്നു. ജില്ലാ സെക്രട്ടറിയേറ്റില്‍ ആരുടെയൊക്കെ പേര് വന്നുവെന്ന് തന്നെ കൊണ്ട് പറയിപ്പിക്കുക എന്നതാണ് നിങ്ങളുടെ ഉദ്ദേശമെങ്കില്‍ അത് നടക്കില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്. ഇന്നലെ പറഞ്ഞത് ഇനി മാറ്റി പറയേണ്ട അവസ്ഥയായല്ലോ മന്ത്രിക്കെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്.