Sunday, May 5, 2024
keralaNews

മുഖ്യമന്ത്രിയുടെ അടിയന്തിര യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍

കേരളത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാവിലെ 11 മണിക്കാണ് മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നത തലയോഗം നടന്നത്.കൊവിഡ് പരിശോധനകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് വരുത്തണം, തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയവരെ പരിശോധിക്കണം, കണ്ടെയ്‌ന്മെന്റ് സോണുകളില്‍ ശക്തമായ നിയന്ത്രണം ഉണ്ടാകണം, സ്‌കൂള്‍ കുട്ടികള്‍ക്ക് ബസ് സൗകര്യം കൃത്യമായി ഏര്‍പ്പാട് ചെയ്യണം തുടങ്ങിയ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി മുന്നോട്ട് വെച്ചു.നാളെയും മറ്റന്നാളുമായി രണ്ട് ലക്ഷത്തിലധികം ആളുകളെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. വിവാഹം, ഗൃഹപ്രവേശം, പൊതുപരിപാടികള്‍ എന്നിവയ്ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണം. മാളിലും മാര്‍ക്കറ്റുകളിലും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രം ഇനി പ്രവേശിപ്പിക്കുക. ഇത് നടപ്പാക്കാനുള്ള ചുമതല പൊലീസിനാണെന്നും യോഗത്തില്‍ തീരുമാനമായി.മുഖ്യമന്ത്രിയെ കൂടാതെ ആരോഗ്യമന്ത്രി കെ കെ ഷൈലജ, കളക്ടര്‍മാര്‍, ജില്ലാ പോലീസ് മേധാവികള്‍, ഡിഎംഒമാര്‍ തുടങ്ങിയവരും യോഗാത്തില്‍ പങ്കെടുത്തു. സംസ്ഥാനത്ത് വെള്ളി, ശനി ദിവസങ്ങളില്‍ മാസ് കോവിഡ് പരിശോധന നടത്തും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ക്കാകും ഇത്തരത്തില്‍ കൂട്ട കോവിഡ് പരിശോധന നടത്തുക.