Tuesday, May 14, 2024
keralaNews

വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി :ശനിയാഴ്ച വരെ കേരളത്തില്‍ വ്യാപക മഴ

വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ ശനിയാഴ്ച വരെ കേരളത്തില്‍ വ്യാപക മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടുക്കി, തൃശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. നാളെ കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 26 ന് എറണാകുളം, ഇടുക്കി ജില്ലകളിലും യെലോ അലര്‍ട്ട്.

ഓറഞ്ച് അലര്‍ട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. യെലോ അലര്‍ട്ടുള്ള ജില്ലകളില്‍ ശക്തമായ മഴയും ലഭിക്കും. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്തു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ ഇന്നു മത്സ്യബന്ധനത്തിനു വിലക്കേര്‍പ്പെടുത്തി. കേരളലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മണിക്കൂറില്‍ 50 കിലോമീറ്റര്‍ (ചിലപ്പോള്‍ 60 കി.മീ.) വരെ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.