Friday, May 3, 2024
keralaNews

പെരിയ കൊലക്കേസ് :മുഖ്യപ്രതിക്ക് ജയിലില്‍ ആയുര്‍വേദ ചികിത്സ.

കൊച്ചി :പെരിയ കൊലക്കേസിലെ മുഖ്യപ്രതി പീതാംബരന് ചട്ടം ലംഘിച്ച് ആയുര്‍വേദ ചികിത്സ. കോടതി അനുമതി ഇല്ലാതെ ജയിലില്‍ സുഖചികിത്സ നല്‍കിയെന്ന റിപ്പോര്‍ട്ടില്‍ കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിനു നോട്ടിസ്. സിബിഐ കോടതിയാണ് നോട്ടിസ് അയച്ചിരിക്കുന്നത്. ജയില്‍ സൂപ്രണ്ടിനോടു നാളെ നേരിട്ടു ഹാജരാകാനാണ് നിര്‍ദേശം.ജയിലില്‍ കല്യോട്ട് ഏച്ചിലടുക്കത്തെ എ.പീതാംബരന്‍ എന്ന പ്രതിക്ക് 40 ദിവസത്തെ ആയുര്‍വേദ ചികിത്സ നല്‍കിയെന്നാണ് ആരോപണം. പെരിയയില്‍ 2019 ഫെബ്രുവരി 17നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ ആദ്യം തന്നെ പ്രതി ചേര്‍ക്കപ്പെട്ടയാളാണ് പീതാംബരന്‍. ഇയാള്‍ ഉള്‍പ്പെടെ 14 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കേരള പൊലീസ് അന്വേഷിച്ച കേസില്‍, കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കള്‍ നടത്തിയ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള പ്രതികള്‍ക്ക് സര്‍ക്കാര്‍ എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നതായി പലപ്പോഴായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.