Friday, May 10, 2024
keralaNews

പാറശാല ഷാരോണ്‍ കൊലപാതകത്തില്‍ വഴിത്തിരിവ്.

പാറശാല :ഷാരോണ്‍ കൊലപാതകത്തില്‍ വഴിത്തിരിവ്. ഷാരോണിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. കഷായവും ജൂസും കുടിച്ചതിനെത്തുടര്‍ന്ന് ബിഎസ്‌സി വിദ്യാര്‍ഥി ഷാരോണ്‍ രാജ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വനിതാ സൃഹൃത്ത് ഗ്രീഷ്മ അന്വേഷണ സംഘത്തിനു മുന്നില്‍ കുറ്റസമ്മതം നടത്തി.ഷാരോണിനു നല്‍കിയ കഷായത്തില്‍ വിഷപദാര്‍ഥം കലര്‍ത്തിയെന്നാണ് ഗ്രീഷ്മയുടെ മൊഴി. ഷാരോണിനെ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്നാണ് ഇവര്‍ പൊലീസിനോടു പറഞ്ഞത്. ഗ്രീഷ്മയുടെ അറസ്റ്റ് ഉടനുണ്ടാകും.ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവുമാണ് കേസന്വേഷണത്തില്‍ പ്രധാന തുമ്പായത്.കൊലപാതകം ആസൂത്രണം ചെയ്യാന്‍ പെണ്‍കുട്ടി ഇന്റര്‍നെറ്റില്‍ പരതിയെന്നും പൊലീസ് കണ്ടെത്തി.

എംഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ഗ്രീഷ്മ. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നുവെന്നുമാണ് പെണ്‍കുട്ടി പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. കോപ്പര്‍ സല്‍ഫേറ്റിന്റെ അംശം കഷായത്തില്‍ ഉണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്‌റുടെ മൊഴിയും കേസന്വേഷണത്തില്‍ നിര്‍ണായകമായി. പെണ്‍കുട്ടിയെ ഉന്നത ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശാസ്ത്രീയ പരിശോധനകള്‍ വേണമെന്നും പൊലീസ് പറയുന്നു.
പാറശാല പൊലീസില്‍നിന്ന് ഇന്നലെ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് പെണ്‍കുട്ടിയെ ഇന്ന് സുദീര്‍ഘമായി ചോദ്യം ചെയ്തിരുന്നു. ഏതാണ്ട് എട്ടു മണിക്കൂറോളമാണ് വനിതാ സുഹൃത്തിനെ ചോദ്യം ചെയ്തത്