Friday, May 10, 2024
indiaNews

ഇന്ധന വില ഉയര്‍ന്നു തന്നെ; പച്ചക്കറി ഉള്‍പെടെ വില വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട്

തുടര്‍ച്ചയായ പന്ത്രണ്ടാമത്തെ ദിവസവും ഇന്ധനവില കൂട്ടി. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസല്‍ ലിറ്ററിന് 34 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 92.07 രൂപയും ഡീസലിന് 86.61 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 90.36 രൂപയും, ഡീസലിന് 85.05 രൂപയുമായി വില ഉയര്‍ന്നു.

അതേസമയം ഇന്ധവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പച്ചക്കറി വിലയും കൂട്ടേണ്ടി വരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. നിലവില്‍ ചെറിയുള്ളിയുടെ വില കിലോക്ക് നൂറു രൂപക്ക് മുകളിലാണ്. ദിനം പ്രതി ഇന്ധന വില കുതിച്ചുയരുന്നത് തങ്ങളുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലാക്കുകയാണെന്ന് പച്ചക്കറി കച്ചവടക്കാര്‍ പറയുന്നു.

ഇന്ധന വിലവര്‍ദ്ധനവിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്. കോര്‍പ്പറേറ്റുകളെ സഹായിക്കാനാണ് കേന്ദ്രം ഇന്ധന വില തുടര്‍ച്ചയായി കൂട്ടുന്നത് എന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ലോകത്ത് ഇന്ധനത്തിന് ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.