Friday, April 26, 2024
keralaNewsUncategorized

പെട്രോള്‍ പമ്പില്‍ മോഷണം: പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കോട്ടയം: പള്ളിക്കത്തോട്ടില്‍ പെട്രോള്‍പമ്പില്‍ നിന്നും മൂന്നര ലക്ഷം രൂപ കവര്‍ന്ന പ്രതികള്‍ ഹാര്‍ഡ് ഡിസ്‌കും കൊണ്ടുപോയി. സംഭവത്തില്‍
പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് പമ്പില്‍ കടന്ന മോഷ്ടാക്കള്‍ മൂന്നര ലക്ഷത്തിലേറെ രൂപയും സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌കുമായി കടന്നത്.  പളളിക്കത്തോട് കവലയില്‍ പ്രവര്‍ത്തിക്കുന്ന പളളിക്കത്തോട് ഫ്യുവല്‍സ് എന്ന പെട്രോള്‍ പമ്പിലാണ് മോഷണം നടന്നത്. രാത്രി പത്ത് മണിയോടെയാണ് ജീവനക്കാര്‍ പമ്പ് അടച്ച് മടങ്ങിയത്. തുടര്‍ന്ന് അര്‍ധരാത്രി പന്ത്രണ്ട് മണിയോടെ ജീവനക്കാരില്‍ രണ്ട് പേര്‍ പമ്പിന് മുന്നിലൂടെ കടന്ന് പോയിരുന്നു. ഈ സമയം പമ്പിലെ ലൈറ്റുകള്‍ അണഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു. ജീവനക്കാര്‍ വിവരം ഉടന്‍ പൊലീസിനെ അറിയിച്ചു. പൊലീസെത്തി നോക്കിയപ്പോഴാണ് പമ്പിന്റെ ഓഫീസ് വാതില്‍ പൂട്ട് പൊളിച്ച നിലയില്‍ കണ്ടെത്തിയത്. ഓഫീസില്‍ സൂക്ഷിച്ചിരുന്ന മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപ മോഷ്ടാക്കള്‍ കൊണ്ടുപോയതായി ഉടമകള്‍ അറിയിച്ചു. പമ്പില്‍ സിസിടിവി ക്യാമറകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതിലെ ദൃശ്യങ്ങള്‍ ശേഖരിക്കുന്ന ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറും കളളന്‍ കൊണ്ടുപോയി. സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് നന്നായി അറിയുന്നവരാകാം മോഷണം നടത്തിയത് എന്ന അനുമാനത്തിലാണ് പളളിക്കത്തോട് പൊലീസിന്റെ അന്വേഷണം.