Monday, May 6, 2024
keralaNewspolitics

നേമത്ത് കെ മുരളീധരന്‍ സ്ഥാനാര്‍ഥിയാവുമെന്ന് സൂചന

നേമത്ത് കെ മുരളീധരന്‍ സ്ഥാനാര്‍ഥിയാവുമെന്ന് സൂചന നല്‍കി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും.
മുരളീധരന്‍ എല്ലാ മണ്ഡലത്തിലും മത്സരിക്കാന്‍ ശക്തനായ നേതാവെന്നും മത്സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ഇളവുകള്‍ നല്‍കാവുന്നതെ ഉള്ളൂ എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.മുരളീധരന് ഇളവ് നല്‍കിയാല്‍ മറ്റ് എംപിമാര്‍ പ്രശ്‌നം ഉണ്ടാക്കില്ല എന്നും താന്‍ ഒരു മണ്ഡലത്തില്‍ മാത്രമേ മത്സരിക്കൂ എന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. മറ്റൊരിടത്തും മത്സരിക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.കെസി ജോസഫിനെ തള്ളി ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടിയെ മറ്റു മണ്ഡലങ്ങളിലേക്ക് കൊണ്ട് പോകാന്‍ ശ്രമം നടന്നതായി കെസി ജോസഫ് പറഞ്ഞിരുന്നു. ജോസഫ് പറഞ്ഞത് തെറ്റാണ് എന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.അതേസമയം നേമത്ത് മുരളീധരന്‍ തന്നെയെന്ന സൂചന നല്‍കി ചെന്നിത്തലയും. നേമത്തെ സ്ഥാനാര്‍ത്ഥിയുടെ പേര് പട്ടികയിലുണ്ടാകും. മുരളീധരന്‍ സമുന്നതനായ നേതാവാണെന്നും നേരത്തെയും അദ്ദേഹം കുമ്മനത്തെ തോല്‍പ്പിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
നിലമ്പൂരിലെയും പട്ടാമ്പിയിലെയും സ്ഥാനാര്‍ത്ഥികളെ താനും ഉമ്മന്‍ ചാണ്ടിയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പോലെ ബിജെപിയെയും എല്‍ഡിഎഫിനെയും തറപറ്റിക്കാനുള്ള ശക്തി യുഡി എഫിനുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.അതേസമയം നേമത്ത് കോണ്‍ഗ്രസ്സിലെ ആരെ നിര്‍ത്തിയാലും വിജയിക്കുമെന്ന് ഉറപ്പാണെന്നും നേമത്ത് മത്സരിക്കുന്ന കാര്യത്തില്‍ ഹൈക്കമാന്റ് തീരുമാനം എടുക്കുമെന്നും കെ മുരളീധരന്‍ പ്രതികരിച്ചു.എംപി എന്ന നിലയില്‍ തീരുമാനം എടുത്തതായി നേതാക്കള്‍ തന്നെ അറിയിച്ചു. ഉമ്മന്‍ ചാണ്ടിയും, ചെന്നിത്തലയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇന്നലെ ഫോണില്‍ വിളിച്ചതായും മുരളീധരന്‍ പറഞ്ഞു.