എരുമേലി: എരുമേലി ഗ്രാമപഞ്ചായത്തിൽ 2023 -24 സാമ്പത്തിക വർഷത്തിലെ സമ്പൂർണ്ണ വികസന ബജറ്റ് തിങ്കളാഴ്ച രാവിലെ 10 മണിക്ക് (20 / 03/23 ) അവതരിപ്പിക്കും. പഞ്ചായത്തിൻെറ സമഗ്രമായ വികസനത്തിന് വിവിധ പദ്ധതികൾക്ക് മുൻതൂക്കം നൽകുമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനുശ്രീ സാബു പറഞ്ഞു. ഇതിനിടെ ഭരണകക്ഷിയായ എൽഡിഎഫിനെതിരെ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിൻ മേലുള്ള ചർച്ച 28ന് നടക്കും.ഒഴക്കനാട് വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തെ തുടർന്നാണ് അവിശ്വാസത്തിനുള്ള നീക്കം യുഡിഎഫ് നടത്തുന്നത്.
11 യുഡിഎഫ് അംഗങ്ങളുടെയും, ഒരു സ്വതന്ത്ര അംഗത്തിന്റെയും പിന്തുണയോടെയാണ് യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതെന്നും നേതാക്കൾ പറയുന്നു. എന്നാൽ പ്രസിഡൻറ് സ്ഥാനത്ത് ചൊല്ലിയുള്ള തർക്കം കോൺഗ്രസിൽ രൂക്ഷമാകുകയാണ്. മലയോര മേഖലയിൽ നിന്നുള്ള പഞ്ചായത്തംഗം മറിയാമ്മ സണ്ണി, ജിജിമോൾ സജി, അനിത സന്തോഷ് എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തിനായി നിൽക്കുന്നത്.അനിത സന്തോഷിനെ പ്രസിഡന്റ് ആക്കാനുള്ള കോൺഗ്രസ് നേതാക്കളുടെ നീക്കത്തിനെതിരെ മറ്റ് പഞ്ചായത്ത് അംഗങ്ങൾ രംഗത്ത് എത്തിയതാണ് കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കുന്നത്. ഇനിയുള്ള രണ്ടര വർഷം മൂന്നുപേർക്കും വീതം വച്ച് നൽകാനുള്ള സാധ്യതയാണ് ഇപ്പോൾ പരിഗണിക്കുന്നത്.അവിശ്വാസ പ്രമേയത്തിനുള്ള ചർച്ചയിൽ യുഡിഎഫിലെ മുഴുവൻ അംഗങ്ങളും പങ്കെടുക്കുന്നതു സംബന്ധിച്ച് അണികളിലും -നേതാക്കളിലും ഇപ്പോഴും ആശങ്കയും തുടരുകയാണ് . ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് തുടർന്ന് നടന്ന പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ ഒഴക്കനാട് വാർഡ് അംഗം വോട്ട് തെറ്റായി രേഖപ്പെടുത്തിയതിനെ തുടർന്നാണ് യുഡിഎഫിന് ഭരണനഷ്ടം ഉണ്ടാകുകയും , പഞ്ചായത്തംഗം മറിയാമ്മ സണ്ണിയുടെ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടാനും കാരണമായത്. നഷ്ടപ്പെട്ടുപോയ പ്രസിഡന്റ് സ്ഥാനം തിരികെ ലഭിക്കണമെന്ന് ആവശ്യമാണ് മറിയാമ്മ സണ്ണി മുന്നോട്ട് വെക്കുന്നത്. മലയോര മേഖലയിൽ നിന്നുള്ള പഞ്ചായത്തംഗത്തെ ഒഴിവാക്കിയാൽ വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സാരമായി ബാധിക്കുമെന്നതിനാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാൻ കോൺഗ്രസ് നിർബന്ധിതനായിരിക്കുകയാണ്.മറിയാമ്മ സണ്ണിക്ക് പിന്തുണയുമായി മറ്റു ചില പഞ്ചായത്ത് അംഗങ്ങൾ കൂടി രംഗത്തെത്തിയതും ശ്രദ്ധേയമാണ്.എന്നാൽ കഴിഞ്ഞ തവണ അവിശ്വാസ പ്രമേയ ചർച്ചയിൽ കോൺഗ്രസിലെ ഒരംഗം പങ്കെടുക്കാതിരുന്നതു പോലുള്ള സംഭവം ഉണ്ടാകാതിരിക്കാനുള്ള നീക്കമാണ് കോൺഗ്രസ് നടത്തുന്നത്.
12 അംഗങ്ങളുടെ അംഗങ്ങളുടെ പിന്തുണ അവകാശപ്പെട്ടാണ് യുഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നൽകിയതെങ്കിലും പ്രസിഡന്റ് സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള തർക്കം അവിശ്വാസ പ്രമേയ ചർച്ചയെ പ്രതിസന്ധിയാക്കുമെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്.എൽഡിഎഫിലെ ഘടകക്ഷിയായ കേരള കോൺഗ്രസിൽ ചേർന്ന സ്വതന്ത്ര അംഗം ഇ.ജെ ബിനോയ് യുഡിഎഫിന് പിന്തുണ നൽകുമെന്നാണ് നേതാക്കളുടെ വിശ്വാസം.ഏതായാലും 28 നടക്കുന്ന അവിശ്വാസപ്രമേയ ചർച്ചയിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള നീക്കത്തിൽ തന്നെയാണ് കോൺഗ്രസ് . ഇതിനിടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിചയസമ്പയായ അനിത സന്തോഷിനെ നിർത്തുക എന്നതാണ് കോൺഗ്രസിന്റെ ഉന്നത നേതാക്കളുടെ അഭിപ്രായം. ഈ നീക്കത്തിനെതിരെയാണ് മറ്റ് പഞ്ചായത്ത് അംഗങ്ങൾ രംഗത്തെത്തിയിരിക്കുന്നത്.എൽഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവരുന്ന രണ്ടാമത്തെ അവിശ്വാസത്തിന്റെ ജയപരാജയം സംബന്ധിച്ച് മാർച്ച് 28 വരെ കാത്തിരിക്കേണ്ടി വരും.