Friday, April 26, 2024
indiakeralaNews

കേരളത്തിലെ കോളജുകളില്‍ പിന്തള്ളപ്പെട്ട് സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാര്‍ഥികള്‍.

കേന്ദ്ര, സംസ്ഥാന സിലബസുകളുടെ മല്‍സരത്തിനിടയില്‍ കേരളത്തിലെ കോളജുകളില്‍ പിന്തള്ളപ്പെട്ട് സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാര്‍ഥികള്‍. ഉദാരമായ മാര്‍ക്ക് മുതല്‍ ഗ്രേസ് മാര്‍ക്ക് വരെ സംസ്ഥാന സിലബസുകാര്‍ക്ക് ഉന്നതപഠനത്തിന് അവസരമൊരുക്കുമ്പോള്‍ ഇഷ്ടപ്പെട്ട കോഴ്‌സ് പഠിക്കാനാവാതെ കേന്ദ്ര സിലബസുകാര്‍ പിന്തള്ളപ്പെടുന്നു.ബിരുദം, എം.ബി.ബി.എസ്, ബിടെക് എന്നിങ്ങനെ പ്ലസ് ടു മാര്‍ക് പരിഗണിക്കുന്ന ഏതു കോഴ്‌സിനും ഇതുതന്നെ അവസ്ഥ. കേരളത്തിലെ പ്രമുഖ കോളജുകളില്‍ ഒന്നായ കൊച്ചി തേവര സേക്രഡ് ഹാര്‍ട്ടിലെ ബികോ ടാക്‌സേഷന്‍ കോഴ്‌സ് തന്നെ ഉദാഹരണം. 99 ശതമാനം മാര്‍ക്കുള്ളവര്‍ക്കു മാത്രമാണ് മെറിറ്റില്‍ പ്രവേശനം. ഇത്തവണ അപേക്ഷിച്ച 130 പേരില്‍ 90 ശതമാനവും സംസ്ഥാന സിലബസില്‍ പരീക്ഷ എഴുതിയവരാണ്.അതേസമയം, കേന്ദ്രസിലബസില്‍ 99 ശതമാനത്തിനു മുകളില്‍ മാര്‍ക്കുണ്ടെങ്കിലും സീറ്റ് കിട്ടില്ല. ഇവര്‍ക്ക് ഗ്രേസ് മാര്‍ക്കില്ലെന്നതാണ് കാരണം. സി.ബി.എസ്. ഇ വിദ്യാര്‍ഥികളില്‍ വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് മാത്രമാണ് പ്രവേശനത്തിന് അല്‍പമെങ്കിലും ആനുകൂല്യമുള്ളത്. വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് ഇത്.ബിടെക് പ്രവേശനത്തിനും സ്ഥിതി വ്യത്യസ്തമല്ല. മാനേജ്‌മെന്റ് സീറ്റിലേക്ക് അപേക്ഷകള്‍ സ്വീകരിച്ച കോളജുകളില്‍ കംപ്യൂട്ടര്‍ സയന്‍സ് പോലെ മുന്തിയ കോഴ്‌സുകള്‍ക്ക് അപേക്ഷിച്ചവരില്‍ മുന്‍നിരയിലെത്തിയതും മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് സിലബസുകാരാാണ്. പ്രവേശനപ്പരീക്ഷയുടെ മാര്‍ക്ക് കൂട്ടി, അന്തിമഫലം പ്രഖ്യാപിക്കുമ്പോള്‍ നേട്ടമുണ്ടാക്കാമെന്നാണ് സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാര്‍ഥികളുടെ പ്രതീക്ഷ.