Saturday, May 18, 2024
HealthkeralaNews

നഗരത്തിന് പുറത്ത് കൊവിഡ് വാക്സിന് കടുത്ത ക്ഷാമം

കൊവിഡ് പ്രതിരോധത്തിന്റെ വാക്സിന്‍ വിതരണം രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ നഗരാതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഗ്രാമപ്രദേശങ്ങളില്‍ വാക്സിന് കടുത്ത ക്ഷാമം നേരിടുന്നു. വാക്സിനെടുക്കാനായി എത്തുന്ന പ്രായം ചെന്നവര്‍ ഇതോടെ ദുരിതത്തിലായി. രണ്ടാംഘട്ടം ആരംഭിച്ചിട്ടും മതിയായ അളവില്‍ വാക്സിന്‍ എത്തിക്കാന്‍ ആരോഗ്യ വകുപ്പിന് കഴിയാതെ വന്നതാണ് ഈ സ്ഥിതിവിശേഷത്തിന് കാരണം.ഓണ്‍ലൈന്‍ സംവിധാനത്തിലെ അപാകത കാരണം വാക്സിനേഷന് സമയം ലഭിക്കാതെ വന്ന പ്രായമേറിയവര്‍ സ്പോട്ട് രജിസ്‌ട്രേഷനായി കൂട്ടത്തോടെ പല കുടുംബാരോഗ്യ കേന്ദ്രങ്ങളിലും എത്തിയിരുന്നു. എന്നാല്‍, ആശാ വര്‍ക്കാര്‍മാര്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമെ വാക്സിന്‍ എടുക്കുകയുള്ളൂവെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പലയിടത്തും നിലപാടെടുത്തു.
പ്രതിദിനം 100 ഡോസ് വാക്‌സിനാണ് പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ക്കും കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കും നല്‍കുന്നത്. കൂടിയത് 70 ഡോസ് വരെയാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. തിരഞ്ഞെടുപ്പ് സമയമായതിനാല്‍ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും വാക്സിന്‍ നല്‍കേണ്ടി വരും. അതിനാല്‍ തന്നെ കൂടുതല്‍ വാക്സിന്‍ സ്റ്റോക്കുള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്ക് പോകാനാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്നത്. ഇതോടെ ചെറിയ പട്ടണങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്പോട്ട് രജിസ്‌ട്രേഷന് കനത്ത തിരക്ക് അനുഭവപ്പെടുകയും ചെയ്തു. പലയിടത്തും രാവിലെ 9 മണിയോടെ തന്നെ 200 ഓളം ടോക്കണുകളാണ് നല്‍കുന്നത്.60 വയസ് കഴിഞ്ഞ 51 ലക്ഷം പേര്‍ക്കും 45 വയസ് പിന്നിട്ട ഗുരുതര രോഗികള്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ ആദ്യ ഡോസ് വാക്സിന്‍ നല്‍കുന്നത്. ഇതോടൊപ്പം ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്നണിപ്പോരാളികള്‍ക്കുമുള്ള രണ്ടാം ഡോസും തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും വാക്സിന്‍ നല്‍കുന്നുണ്ട്. എന്നാല്‍, ഇത്രയും പേരെ കൈകാര്യം ചെയ്യാനാവശ്യമായ മുന്നൊരുക്കങ്ങളൊന്നും ഇല്ലെന്ന വിമര്‍ശനം പല കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. വിതരണ കേന്ദ്രങ്ങളായി നിശ്ചയിച്ച സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ ജീവനക്കാരോ ഇല്ലെന്നും ജീവനക്കാരുടെ സംഘടനകള്‍ പരാതിപ്പെടുന്നുണ്ട്. ഇതേതുടര്‍ന്ന് ആശുപത്രികള്‍ക്കൊപ്പം പൊതുസ്ഥലങ്ങളില്‍ക്കൂടി വിതരണ കേന്ദ്രങ്ങള്‍ തുറക്കാനാണ് സര്‍ക്കാര്‍ ആലോചന. എന്നാല്‍, വാക്സിന്‍ എടുക്കുന്നതു കൊണ്ട് ആര്‍ക്കെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ അത് കൈകാര്യം ചെയ്യാന്‍ ആശുപത്രികളില്‍ മാത്രമെ മരുന്ന് വിതരണം അനുവദിക്കാവൂ എന്നാണ് സംഘടനകള്‍ ആവശ്യപ്പെടുന്നത്.