Thursday, May 2, 2024
keralaNewsObituarypolitics

ഉമ്മന്‍ ചാണ്ടിയെ അവസാനമായി കാണാന്‍ തിരുനക്കരയിലെത്തി: സുരേഷ് ഗോപി

കോട്ടയം: രാഷ്ട്രീയ ചരിത്രത്തിലെ ജനപ്രിയ നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് നടന്‍ സുരേഷ് ഗോപി. സവിശേഷമായ ഒരു യുഗമാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ അവസാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുനക്കര മൈതാനത്ത് ഉമ്മന്‍ ചാണ്ടിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായെത്തിയപ്പോള്‍ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അനുകരിക്കാനും അനുവര്‍ത്തിക്കപ്പെടാനും തോന്നുന്ന വ്യക്തിത്വമാണ് ഉമ്മന്‍ചാണ്ടിയുടേത്. ഒരു പക്ഷേ, അദ്ദേഹം അത് സ്വാംശീകരിച്ചത് കരുണാകരനില്‍ നിന്നാകും. ഭരണത്തിലെ മികവല്ല, എങ്ങനെ താഴെ തട്ടിലെ ജനതയോട് പെരുമാറണം, അവരെ എങ്ങനെയാണ് ചേര്‍ത്തു പിടിക്കേണ്ടത് എന്നൊക്കെ അദ്ദേഹത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയും. ആ ഒരു ചേര്‍ത്തുപിടിക്കലിലൂടെ വലിയൊരു പ്രതീക്ഷയും ഉണ്ടാകും, അതിലൂടെ ചിലപ്പോള്‍ ഭാവിയിലേക്ക് നന്മകള്‍ പകര്‍ന്നു കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ജനസമ്പര്‍ക്ക പരിപാടികളടക്കം നമ്മള്‍ കണ്ടതാണ്. ജനസമ്പര്‍ക്കം ഒരു പ്രത്യേകത തന്നെയാണ്. ഒരു പക്ഷേ, ഇത്തരത്തിലെ നേതാക്കന്മാര്‍ കേരളത്തില്‍ വിരളില്‍ എണ്ണാവുന്നവര്‍ മാത്രമാണുള്ളത്. അവരൊക്കെ മനുഷ്യനെ സ്‌നേഹിച്ചവരാണ്. ഇത് കുറച്ച് കൂടുതലായിട്ട് ഉമ്മന്‍ ചാണ്ടി സാറില്‍ കണ്ടു. കൃത്യതയും ആളുകളെ കേള്‍ക്കുന്നതിനും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനും രാഷ്ട്രീയക്കാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നു. ഇതുപോലൊരാള്‍ ഇനിയുണ്ടാകില്ല. ഉമ്മന്‍ചാണ്ടിയുടെ ജീവിതവും ദേഹവിയോഗത്തില്‍ ജനങ്ങള്‍ പ്രകടിപ്പിക്കുന്ന സ്‌നേഹവും കൂടുതല്‍ മികച്ച രാഷ്ട്രീയപ്രവര്‍ത്തനത്തിന് മറ്റ് നേതാക്കള്‍ക്കും പ്രചോദനമാകും. കേരളത്തിന്റെയും മലയാളത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നു.’- സുരേഷ് ഗേപി പറഞ്ഞു.ഉമ്മന്‍ചാണ്ടിയെ അവസാനമായി കണ്ട് അന്തിമോപചാരം അര്‍പ്പിക്കാന്‍ മമ്മൂട്ടി, രമേശ് പിഷാരടി, ദിലീപ് എന്നീ താരങ്ങളും എത്തി. ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ദേഹവും വഹിച്ചുള്ള വാഹനം പുതുപ്പള്ളിയിലേക്കുള്ള യാത്രയിലാണ്. ആയിരക്കണക്കിന് ജനങ്ങളാണ് ജനനേതാവിനെ അവസാനമായി കാണാന്‍ എത്തിക്കൊണ്ടിരിക്കുന്നത്.