Saturday, April 20, 2024
keralaNews

ശബരിമല നട ഇന്ന് വൈകുന്നേരം 5 മണിക്ക് തുറക്കും.

ശബരിമല നട കുംഭമാസപൂജകള്‍ക്കായി ഇന്ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി നടതുറന്ന് ദീപങ്ങള്‍ തെളിക്കും.ശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആഴിയില്‍ അഗ്നി പകരും. തുടര്‍ന്ന് തന്ത്രി കണ്ഠരര് രാജീവരര് അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും.നട തുറക്കുന്ന ഇന്ന് പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല. രാത്രി 10 മണിക്ക് തിരുനട അടയ്ക്കും.കുംഭം ഒന്നിന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്ര നടതുറക്കും. ശേഷം നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും.5.30 ന് മഹാഗണപതിഹോമവും നടക്കും. തുടര്‍ന്ന് നെയ്യഭിഷേകം. 13 മുതല്‍ 17 വരെയുള്ള 5 ദിവസങ്ങളില്‍ ഉദയാസ്തമയപൂജ, 25 കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും.വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാവുന്നതാണ്. നിലയ്ക്കലില്‍ സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 5 ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രതിരുനട 17-ന് രാത്രി 10 മണിക്ക് ഹരിവരാസനംപാടിഅടയ്ക്കും.