Friday, May 3, 2024
indiaNewspolitics

മാപ്പര്‍ഹിക്കുന്നതല്ല: ഒരു കുറ്റവാളിയും രക്ഷപ്പെടുകയില്ല; പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി : മണിപ്പൂരില്‍ യുവതികളെ നഗ്‌നരാക്കി റോഡിലൂടെ നടത്തിയ സംഭവം മാപ്പര്‍ഹിക്കുന്നതല്ലെന്നും ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരും സമാധാനം പാലിക്കണമെന്ന് ആഹ്വാനം ചെയ്തു . മണിപ്പൂരില്‍ യുവതികള്‍ നേരിട്ട സംഭവം അത്യധികം വേദനിപ്പിച്ചുവെന്നും സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തിന് ഞാന്‍ ഉറപ്പുനല്‍കുകയാണ്. ഒരു കുറ്റവാളിയും നിമയത്തിന് മുന്നില്‍ നിന്ന് രക്ഷപ്പെടുകയില്ല. നിയമം അതിന്റെ എല്ലാവിധ ശക്തിയോടും കൂടി പ്രവര്‍ത്തിക്കുക തന്നെ ചെയ്യും. മണിപ്പൂരിലെ പെണ്‍മക്കള്‍ക്ക് സംഭവിച്ചത് ഒരിക്കലും മാപ്പര്‍ഹിക്കുന്ന കാര്യമല്ല. ഹൃദയം അത്യധികം വേദനിക്കപ്പെട്ടു. ദേഷ്യവും ദുഃഖവും ഒരേസമയം അനുഭവപ്പെടുകയാണ്. മണിപ്പൂരില്‍ സംഭവിച്ചത് പരിഷ്‌കൃത സമൂഹത്തിന് നിരക്കുന്ന കാര്യമല്ല. സംസ്ഥാനങ്ങളിലെ ക്രമസമാധാനം പാലിക്കപ്പെടാന്‍ അതത് മുഖ്യമന്ത്രിമാര്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്. പ്രത്യേകിച്ചും സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ശക്തമായ നടപടികളുണ്ടാകണം. അത് രാജസ്ഥാനിലായാലും ഛത്തീസ്ഗഡിലായാലും മണിപ്പൂരിലായാലും രാജ്യത്തിന്റെ ഏത് കോണിലും രാഷ്ട്രീയഭേദമന്യേ നടപടിയെടുക്കണം പ്രധാനമന്ത്രി പറഞ്ഞു.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി മാദ്ധ്യമങ്ങളെ കാണവേയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗിനെ ഫോണില്‍ ബന്ധപ്പെടുകയും വിഷയത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. അതേസമയം യുവതികളെ നഗ്‌നരാക്കി നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കരുതെന്നും വീഡിയോ പങ്കുവയ്ക്കാന്‍ ട്വിറ്റര്‍ അടക്കമുള്ള പ്ലാറ്റ് ഫോമുകള്‍ അനുവദിക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.