Saturday, May 4, 2024
indiaNews

നിവാര്‍ ചുഴലിക്കാറ്റ് ;മരണം മൂന്ന്.

തമിഴ്നാട്ടില്‍ കനത്ത നാശം വിതച്ച് നിവാര്‍ ചുഴലിക്കാറ്റ് ശക്തമായ കാറ്റില്‍ മരം വീണും മതിലിടിഞ്ഞും വിവിധയിടങ്ങളിലായിട്ടാണ് മൂന്നു പേര്‍ മരിച്ചത്.കാറ്റിന്റെ തുടര്‍ച്ചയായി വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും ഉണ്ടായി. മരിച്ചവര്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.ചെന്നൈയുള്‍പ്പെടെയുള്ള നഗരങ്ങളില്‍ കനത്ത മഴ തുടരുകയാണ്. നഗരങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ ഇതിനോടകം തന്നെ വെള്ളത്തിനടിയിലായി. 30 സെന്റീമീറ്റര്‍ മഴയാണ് ഇതുവരെ ലഭിച്ചത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റിലും മഴയിലും പല പ്രദേശങ്ങളിലും വീടുകള്‍ തകര്‍ന്നു. ഏക്കറു കണക്കിന് കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലാണ്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

നിലവില്‍ കാറ്റിന്റെ വേഗത കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബസ് സര്‍വ്വീസുകള്‍ വൈകീട്ടോടെ ആരംഭിക്കാനാണ് തീരുമാനം. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത് ആള്‍ നാശം കുറച്ചെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി രണ്ടര ലക്ഷത്തോളം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദുരന്തനിവാരണ സേന സര്‍വ്വസന്നാഹങ്ങളുമായി സജ്ജമാണ്.ചെന്നൈയില്‍ 1,486 ദുരിതാശ്വാസ ക്യമ്പുകള്‍ തുറന്നിട്ടുണ്ട്. പുതുച്ചേരിയില്‍ അടുത്ത മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.തമിഴ്നാടും പുതുച്ചേരിയും കൂടാതെ ആന്ധ്രയും ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നാശനഷ്ടങ്ങള്‍ കുറയ്ക്കാന്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി