Tuesday, May 14, 2024
indiaNewsworld

മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് വധഭീഷണി സന്ദേശം

ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് വധഭീഷണി സന്ദേശം ലഭിച്ച സംഭവത്തില്‍ സ്ഥിരീകരണം നല്‍കി ദില്ലി പോലീസ്. ഗൗതം ഗംഭീറിന് വധഭീഷണി സന്ദേശം ലഭിച്ചത് പാകിസ്താന്‍ കറാച്ചിയില്‍ നിന്നാണെന്ന് ദില്ലി പോലീസ് വ്യക്തമാക്കി. പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നാണ് വധഭീഷണി സന്ദേശം ലഭിച്ചതെന്നും ഭീഷണിക്ക് പിന്നില്‍ കോളേജ് വിദ്യാര്‍ത്ഥിയാണെന്നും ദില്ലി പോലീസ് വ്യക്തമാക്കി. ഇമെയില്‍ വഴിയാണ് രണ്ട് തവണ ഗൗതം ഗംഭീറിന് ഭീഷണി സന്ദേശം ലഭിച്ചത്.

ഐഎസ്‌ഐഎസ് കശ്മീര്‍ എന്ന മെയില്‍ ഐഡിയില്‍ നിന്നുമാണ് ഗംഭീറിന് രണ്ടാം തവണയും ഭീഷണി സന്ദേശം ലഭിച്ചത്. ഞങ്ങള്‍ നിങ്ങളെ കൊല്ലണമെന്ന ഉദ്ദേശത്തില്‍ തന്നെയാണുണ്ടായിരുന്നത്. പക്ഷേ ഇന്നലെ നിങ്ങള്‍ രക്ഷപ്പെട്ടുവെന്നാണ് സന്ദേശം വിശദമാക്കുന്നത്. നിങ്ങള്‍ കുടുംബത്തേയും ജീവിതത്തേയും ഇഷ്ടപ്പെടുന്നുവെങ്കില്‍ രാഷ്ട്രീയത്തില്‍ നിന്നും കശ്മീര്‍ പ്രശ്‌നങ്ങളില്‍ നിന്നും അകന്നു നില്‍ക്കുക എന്നും സന്ദേശം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.