Friday, May 3, 2024
keralaLocal NewsNewspolitics

എല്ലാ സമ്പത്തിന്റേയും കലവറയാണ് ഇന്ത്യ : എംവി ഗോവിന്ദന്‍ മാസ്റ്റര്‍

എരുമേലി: ദരിദ്രരുടെ നാടാണ് ഇന്ത്യയെങ്കിലും എല്ലാ സമ്പത്തിന്റേയും കലവറയാണ് ഇന്ത്യയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. എരുമേലിയില്‍ അന്തരിച്ച മുതിര്‍ന്ന നേതാവ് റ്റി പി തൊമ്മിയുടെ സ്മരണാര്‍ത്ഥം പുതുതായി നിര്‍മ്മിച്ച സി പി എം എരുമേലി ലോക്കല്‍ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള വത്കരണത്തിന്റെ പേരില്‍ സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കുന്ന രീതിയാണ് ഉണ്ടാകുന്നതെന്നും അദേഹം പറഞ്ഞു. സമ്പത്തിന്റെ കലവറയാണ് ഇന്ത്യയെങ്കിലും ആ സമ്പത്ത് ചിലരുടെ കൈകളിലാണ് . ബാങ്കുകളില്‍ നിന്നും വായ്പയെടുക്കുന്നവരുടെ കടം എഴുതി തള്ളുകയാണെന്നും അദ്ദേഹം പറഞ്ഞു. സി പി എം ഏറ്റവും വലിയ സമ്പത്തുള്ള പാര്‍ട്ടിയാണെന്നാണ് ചില ബൂര്‍ഷ്വാസികള്‍ പറയുന്നത്. എന്നാല്‍ പാര്‍ട്ടിയുടെ ഈ സ്വത്തുക്കളെല്ലാം ജനങ്ങളുടെ സ്വത്താണ് .
ഇന്ത്യയിലെ മറ്റ് സമ്പന്നരുമായി പാര്‍ട്ടിയെ താരതമ്യം ചെയ്യുന്നതും ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുടനീളം നിരവധി ഓഫീസുകളാണുള്ളത്. ഈ സ്വത്തുക്കളെല്ലാം ജനങ്ങളില്‍ നിന്നുണ്ടായതാണെന്നും പാര്‍ട്ടി ഓഫീസുകള്‍ എല്ലാവര്‍ക്കും വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു . മുഖ്യമന്ത്രി പറഞ്ഞതു പോലെ സഞ്ചരിക്കുന്ന കോടതിയായി ഓഫീസ് പ്രവര്‍ത്തിക്കണമെന്നും പാര്‍ട്ടി ഓഫീസുകള്‍ അഭയേ കേന്ദ്രമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തില്‍ ത്യാഗ പൂര്‍ണ്ണമായ പ്രവര്‍ത്തനം കാഴ്ചവച്ചവരാണ് നേതാവെന്നും എരുമേലി പാര്‍ട്ടി ഓഫീസിന് റ്റി പി തൊമ്മിയുടെ പേര് നല്‍കുന്നതില്‍ ആലോചിക്കേണ്ടി വന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 2024 ലെ തിരഞ്ഞെടുപ്പും, 2025 ല്‍ 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ആര്‍ എസ് എസിനേയും വിമര്‍ശിക്കുകയും ചെയ്തു . ഹിന്ദു സംസ്‌കാരം മതിയെന്ന് വിചാരധാരയില്‍ ഗോള്‍വര്‍ക്കര്‍ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്യം കിട്ടുന്നതുവരെ ഗാന്ധിജിയെ സംരക്ഷിച്ചത് ബ്രട്ടീഷുകാരാണെന്നും, ഗാന്ധിജിയെ കൊല്ലണമെന്ന് തീരുമാനിച്ച് കൊന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഹിന്ദു രാജ്യമാക്കുന്നതില്‍ ഗാന്ധിജി തടസ്സമായിരുന്നുവെന്നും, ഇതേ നില തുടര്‍ന്നാല്‍ ഗാന്ധിജിയെ നിശബ്ദനാക്കേണ്ടിവരുമെന്നും പ്രചാരകന്‍മാരുടെ സമ്മേളനത്തില്‍ ഗോള്‍വര്‍ക്കര്‍ പറഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇതിന്റെ അര്‍ത്ഥം ഗാന്ധിജിയെ കൊല്ലമെന്നുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഗോദ്‌സെ താന്‍ ആര്‍ എസ് എസുകാരനല്ലെന്ന് എഴുതിക്കൊടുത്തത് ഒരു സാങ്കേതികം മാത്രമെണെന്നും ഗോദ്സെക്കായി ചിലര്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നതു കണ്ടാല്‍ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവര്‍ ഗുണമേന്മയോടെ ജീവിക്കുന്ന സംസ്ഥാനമാണ് കേരളം. ഇതാണ് കേരള മോഡല്‍. ഇത് കൂടുതല്‍ മെച്ചപ്പെടുത്തുന്നതാണ് ലൈഫ് മിഷന്‍ പദ്ധതി, ആരോഗ്യം എന്നിവയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പ്രധാന പ്രശ്‌നം തൊഴിലില്ലായ്മ തന്നെയാണ്. 20 ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുക്കുമെന്ന് പറഞ്ഞു, നാല് വര്‍ഷം കൊണ്ട് വിവിധ ഘട്ടങ്ങളിലായി നല്‍കുമെന്നും,25 കൊല്ലം കഴിഞ്ഞാല്‍ കേരളത്തിന് വലിയ മുന്നേറ്റം വരുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം, സ്വയം സംരംഭം,പഞ്ചായത്തുകള്‍ വഴിയുള്ള സ്വയം തൊഴില്‍, നാടിന്റെ വികസനത്തിനൊപ്പം എല്ലാ മേഖലയിലും വികസനം നവീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.റെയില്‍,കെ ഫോണ്‍, റയില്‍വെ, ശാസ്ത്ര സാങ്കേതിക വിദ്യ എല്ലാം നേടണമെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തില്‍ പോസിറ്റീവ് ചിന്ത വേണമെന്നും അദ്ദേഹം പറഞ്ഞു.ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ ജെ തോമസ്, ജില്ല സെക്രട്ടറി എ വി റസ്സല്‍, ഏരിയ സെക്രട്ടറി കെ. രാജേഷ്, റാന്നി മുന്‍ എം.എല്‍ എ രാജു ഏബ്രഹം, ജില്ല കമ്മറ്റിയംഗങ്ങളായ അഡ്വ. പി ഷാനവാസ്, തങ്കമ്മ ജോര്‍ജ് കൂട്ടി , ഷെമീം അഹമ്മദ് .എരുമേലി ലോക്കല്‍ സെക്രട്ടറി വി.ഐ അജി,ഏരിയ കമ്മറ്റിയംഗം റ്റി എസ് കൃഷ്ണകുമാര്‍,ലോക്കല്‍ കമ്മറ്റി അംഗങ്ങളായ പി കെ അബ്ദുള്‍ കരീം, പി കെ ബാബു, വി പി വിജയന്‍, പി എ ഷാനവാസ് തുടങ്ങി നിരവധി നേതാക്കള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഓഫീസ് ഉദ്ഘാടനത്തിന് ശേഷം സമ്മേളന നഗരിയിലേക്ക് പ്രകടനമായാണ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയത്.