Saturday, May 4, 2024
keralaNews

ക്ലിഫ് ഹൗസിലേക്ക് ലോഹവസ്തുക്കള്‍ നിറച്ച ബിരിയാണി പാത്രങ്ങള്‍ കൊടുത്തു വിട്ടു.

കൊച്ചി : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും കേസില്‍ പങ്കുണ്ടെന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തി.കേസില്‍ എല്ലാവരുടെയും പങ്ക് കോടതിയെ അറിയിച്ചുവെന്ന പ്രതി സ്വപ്ന സുരേഷ്. എറണാകുളം കോടതിയില്‍ മൊഴി രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു സ്വപ്ന.2016 ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ എത്തിയ സമയത്താണ് ശിവശങ്കര്‍ തന്നെ ആദ്യമായി ബന്ധപ്പെട്ടത് എന്ന് സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രി ഒരു ബാഗ് മറന്നുപോയെന്നും അത് ഉടന്‍ ദുബായില്‍ എത്തിക്കണമെന്നും അന്ന് ശിവശങ്കര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കോണ്‍സുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കൈയ്യിലാണ് ബാഗ് കൊടുത്തുവിട്ടത്. കോണ്‍സുലേറ്റില്‍ എത്തിയ നോക്കിയപ്പോള്‍ ബാഗിനകത്ത് കറന്‍സി ഉണ്ടായിരുന്നു. സ്‌കാനിംഗ് മെഷീനിലൂടെയാണ് ഇത് വെളിപ്പെട്ടതെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. അന്നാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.

ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരം കോണ്‍സുലേറ്റ് ജനറലിന്റെ വസതിയില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് ലോഹവസ്തുക്കള്‍ നിറച്ച ബിരിയാണി പാത്രങ്ങള്‍ കൊടുത്തു വിട്ടിട്ടുണ്ട്. ഇത്തരത്തില്‍ കോണ്‍സുലേറ്റിന്റെ വാഹനത്തില്‍ നിരവധി പാത്രങ്ങള്‍ കൊടുത്തയയ്ക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പലകാര്യങ്ങളും നടന്നിട്ടുണ്ടെന്നും അത് തനിക്ക് പുറത്ത് പറയാനാകില്ലെന്നും സ്വപ്ന വ്യക്തമാക്കി. വിവരങ്ങളെല്ലാം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും സമയമാകുമ്പോള്‍ എല്ലാം പറയാമെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.