Sunday, May 5, 2024
keralaLocal NewsNews

മുണ്ടക്കയം  പുലിക്കുന്നിൽ പിടികൂടിയ പുലിയെ തേക്കടി വനത്തിൽ തുറന്നു വിട്ടു

എരുമേലി:  മുണ്ടക്കയം പുലിക്കുന്നിൽ വനം വകുപ്പ് ഇന്നലെ പിടികൂടിയ ആൺപുലിയെ തേക്കടി വനത്തിൽ തുറന്നു വിട്ടു. എരുമേലിയിൽ വിവിധ സ്ഥലങ്ങളിൽ കാണപ്പെട്ട പുലിയെ മുണ്ടക്കയം  പുലിക്കുന്നിൽ  വനം വകുപ്പ് ഇന്നലെ ഉച്ചയ്ക്ക്  ഒരു മണിക്ക്   വെച്ച കെണിയിലാണ് രാത്രി 8.45 ഓടെ വീഴുന്നത്. രണ്ടുദിവസം മുമ്പ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയതിന് തുടർന്ന് വനം വകുപ്പ്  സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ക്യാമറ സ്ഥാപിച്ചിരുന്നു. ക്യാമറയിലും പുലിയുടെ ദൃശ്യം പതിഞ്ഞ തുടർന്നാണ് ഇരുമ്പ് കൊണ്ടുള്ള കെണിയൊരുക്കാൻ തീരുമാനിച്ചതെന്നും എരുമേലി ഫോറസ്റ്റ്  ഓഫീസർ ബി ആർ ജയൻ പറഞ്ഞു.  ശബരിമല വനാതിർത്ഥി മേഖല കൂടിയാണ് ഈ പ്രദേശം. ഇരുമ്പൂന്നിക്കരയിലും, എയ്ഞ്ചൽവാലിയിലും  വളർത്തു നായയേയും, ആടുകളേയും കടിച്ചു കൊന്നത് ആശങ്ക വളർത്തിയിരുന്നു. എയ്ഞ്ചൽവാലിയിലും ,എരുമേലി ചെറുവള്ളി തോട്ടത്തിലും പുലിയെ കണ്ടെത്തിയതായി നാട്ടുകാർ പറഞ്ഞിരുന്നു.ഇന്നലെ  രാത്രിയോടെ പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ എത്തിച്ച മൂന്ന് വയസുള്ള  ആൺപുലിയെ തേക്കടിയിൽ നിന്നും 18 കിലോമീറ്റർ ഉൾവനത്തിൽ തുറന്നു വിടുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.എരുമേലി ഫോറസ്റ്റ് ഓഫീസർ ബി ആർ ജയന്റെ നേതൃത്വത്തിൽ  വണ്ടംപതാൽ  ഡെപ്യൂട്ടി റേഞ്ച്   ഓഫീസർ കെ വി ഫിലിപ്പ് , സെക്ഷൻ ഫോറസ്റ്റ്  ഓഫീസർ സുനിൽകുമാർ , ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ പി രാജേഷ് , രാജേഷ് ബാബു എന്നിവർ നേതൃത്വം നൽകി.