Sunday, April 28, 2024
keralaNews

എം എം മണിക്ക് മറുപടിയുമായി എസ് രാജേന്ദ്രന്‍

ഇടുക്കി: എം എം മണിക്ക് മറുപടിയുമായി ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍.സമ്മേളനങ്ങളില്‍ പങ്കെടുക്കാതിരുന്നതിന് തന്നെ പുറത്താക്കുമെന്ന് എം എം മണി പരസ്യമായി പറഞ്ഞത് ശരിയായില്ല. പാര്‍ട്ടി ഘടകങ്ങളിലായിരുന്നു ഇക്കാര്യം പറയേണ്ടിയിരുന്നതെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു.മറയൂര്‍ എരിയ സമ്മേളനത്തിലാണ് എസ് രാജേന്ദ്രനെതിരെ എം എം മണി തുറന്നടിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷന്‍ തെളിവെടുപ്പിന് എത്തി രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ പാര്‍ട്ടിക്ക് കത്ത് നല്‍കിയിരുന്നു. കത്തില്‍ തീരുമാനം ഒന്നും അറിയിക്കാതിരുന്നതിനെ തുടര്‍ന്നാണ് സമ്മേളനങ്ങളില്‍ പങ്കെടുക്കാതിരുന്നതെന്നാണ് രാജേന്ദ്രന്റെ വിശദീകരണം.താന്‍ ഒരു ജാതിയുടെ ആളാണെന്ന് സ്ഥാപിക്കാനാണ് കമ്മീഷനെ നിയോഗിച്ചത്. 85 മുതല്‍ ജാതി പറഞ്ഞാണ് സിപിഎമ്മും വോട്ടു നേടിയത്. ഇത്തവണ വോട്ടു കുറയാന്‍ കാരണം റിട്ടയര്‍ ആയ തൊഴിലാളികള്‍ തമിഴ് നാട്ടിലേക്ക് പോയതാണ്. മറ്റൊരു പാര്‍ട്ടിയിലേക്കും പോകില്ലെന്നും രാജേന്ദ്രന്‍ വ്യക്തമാക്കി.അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ ജില്ലാ സമ്മേളനത്തിന് ശേഷം നടപടി എടുക്കാനിരിക്കെയാണ് സമ്മേളനങ്ങളിലെ രാജേന്ദ്രന്റെ അസാന്നിധ്യം ചര്‍ച്ചയായത്. ജില്ലാ സമ്മേളനത്തോടെ രാജേന്ദ്രനെ ജില്ലാ കമ്മറ്റിയില്‍ നിന്നും ഒഴിവാക്കും. അതിനു ശേഷം നടക്കുന്ന ജില്ലാ കമ്മറ്റി അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് കൂടുതല്‍ നടപടി എടുക്കുമെന്നണ് സൂചന.