Monday, April 29, 2024
keralaNews

നിയന്ത്രണം കടുപ്പിച്ചു :മലപ്പുറത്ത് ആരാധനാലയങ്ങളില്‍ അഞ്ചു പേരില്‍ കൂടുതല്‍ പാടില്ല

മലപ്പുറം ജില്ലയിലെ എല്ലാ ആരാധനാലയങ്ങളിലും ചടങ്ങുകളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്നത് നിരോധിച്ച് കലക്ടറുടെ ഉത്തരവ്. ഇന്ന് വൈകിട്ട് 5ന് ഉത്തരവ് പ്രാബല്യത്തിലാകും. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണു നടപടി. പ്രാര്‍ഥനകള്‍ വീട്ടില്‍ വച്ച് നടത്തുകയും ബന്ധുവീടുകളില്‍ പോലും ഒത്തുകൂടാതിരിക്കുകയുമാണ് ഉചിതമെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു.ജില്ലയില്‍ 24 തദ്ദേശ സ്ഥാപനങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനു പുറമെയാണ് ജില്ലയിലെ എല്ലാ ആരാധനാലയങ്ങളിലും നിയന്ത്രണമേര്‍പ്പെടുത്തി കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഉത്തരവിട്ടത്. 16 പഞ്ചായത്തുകളില്‍ ഇന്ന് രാത്രി 9 മുതല്‍ നിരോധനാജ്ഞ നിലവില്‍ വരും. നേരത്തെ മതനേതാക്കളുമായും ഇന്നലെ ജനപ്രതിനിധികളുമായും നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് നടപടി.കോവിഡ് വ്യാപനത്തിനു ജില്ലാ ഭരണകൂടവും സര്‍ക്കാരും എടുക്കുന്ന നടപടികള്‍ക്ക് അവര്‍ പിന്തുണ നല്‍കിയിരുന്നു. മതനേതാക്കളുടെ ഈ വിഷയത്തിലെ സൂക്ഷ്മതയും പിന്തുണയും അഭിനന്ദനീയവും മാനവികത ഉയര്‍ത്തിക്കാട്ടുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.ജില്ലയില്‍ ഇന്നലെ വരെ 17,898 പേരാണ് കോവിഡ് പോസിറ്റീവ് ആയി ചികിത്സയിലുള്ളത്. ഇന്നലെ ആദ്യമായി പ്രതിദിന കണക്ക് 2000 കടന്നു. 21.89% പോസിറ്റിവിറ്റി നിരക്കോടെ 2776 പേരാണ് ഇന്നലെ പോസിറ്റീവ് ആയത്.