Saturday, May 4, 2024
indiaNewspolitics

ലാലു പ്രസാദിന്റെ വീട്ടിലെ റെയ്ഡില്‍ 600 കോടി അഴിമതിയുടെ തെളിവ് കിട്ടി

പാറ്റ്‌ന: രാഷ്ട്രീയ ജനത ദള്‍ ചീഫ് ലാലു പ്രസാദ് യാദവിന്റെ വീട്ടില്‍ ഇഡി നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത ഒരു കോടി രൂപ കിട്ടിയെന്നും, 600 കോടിയുടെ അഴിമതിയുടെ തെളിവ് കിട്ടിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 250 കോടിയുടെ ഇടപാടുകള്‍ നടന്നു. 350 കോടിയുടെ സ്വത്തിന്റെ വിവരങ്ങള്‍ കിട്ടിയെന്നും ഇഡി പറഞ്ഞു. ഭൂമി കുംഭകോണ ആരോപണത്തിലാണ് ലാലുപ്രസാദ് യാദവിന്റെ വീട്ടില്‍ കേന്ദ്ര ഏജന്‍സി റെയ്ഡ് നടത്തിയത്.റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ ലാലു പ്രസാദിനും കുടുംബത്തിനും കൂട്ടാളികള്‍ക്കും വേണ്ടി നടത്തിയ കൂടുതല്‍ നിക്ഷേപങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്ന് ഇഡി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ലാലു പ്രസാദിന്റെ മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്റെ ദില്ലിയിലെ വസതിയില്‍ ഇ ഡി പരിശോധനയും നടത്തിയിരുന്നു. 2004 – 09 കാലത്ത് റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ ജോലിക്ക് വേണ്ടി ഭൂമി വാങ്ങിയെടുത്ത് ലാലുവും കുടുംബവും അഴിമതി നടത്തിയെന്നാണ് സി ബി ഐ ആരോപണം. ജോലിക്ക് ഭൂമി അഴിമതി കേസില്‍ ലാലു പ്രസാദ് യാദവിനെയും മകള്‍ മിസ ഭാരതിയേയും സിബിഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. മിസ ഭാരതിയുടെ ദില്ലിയിലെ വസതിയില്‍ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ലാലുപ്രസാദ് യാദവ് വിശ്രമിക്കുകയാണ് എന്നറിയിച്ചിട്ടും, അപേക്ഷ സിബിഐ പരിഗണിച്ചിരുന്നില്ല. പ്രതികാര നടപടിയുടെ ഭാഗമായ കേസിന്റെ പേരില്‍ തന്റെ കുടുംബത്തെ ബിജെപി ഉപദ്രവിക്കുകയാണെന്നാണ് തേജ്വസിയുടെ വീട്ടിലെ റെയ്ഡിന് പിന്നാലെ ലാലുപ്രസാദ് ആരോപിച്ചത്. അതേസമയം, ദില്ലി മദ്യനയ കേസില്‍ തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബിആര്‍എസ് നേതാവുമായ കവിതയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.                                                                          നേരത്തെ അറസ്റ്റിലായ മലയാളിയും വ്യവസായിയുമായ അരുണ്‍ രാമചന്ദ്രന്‍ പിള്ളയ്‌ക്കൊപ്പമിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ആംആദ്മി പാര്‍ട്ടി നേതാക്കള്‍ക്ക് നൂറ് കോടി രൂപ നല്‍കിയെന്ന് നേരത്തെ അരുണ്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ ഉറവിടത്തെ കുറിച്ചും കവിതയില്‍ നിന്നും വിവരങ്ങള്‍ തേടി. അരുണ്‍ കവിതയുടെ ബിനാമിയാണെന്നാണ് ഇഡി നേരത്തെ കോടതിയെ അറിയിച്ചത്. കെ കവിതയ്ക്ക് ബിനാമി കമ്പനിയെക്കുറിച്ച് വിശദീകരിക്കാനായില്ലെന്നും ഇഡി വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍.