Monday, April 29, 2024
keralaNews

ആഗസ്റ്റ് ഒന്നിന് കുതിരാന്‍ തുരങ്കത്തിലെ ഒരു ടണല്‍ തുറക്കും

കാലങ്ങളായി പണിപ്പുരയിലായിരുന്ന കുതിരാന്‍ തുരങ്കപാതയില്‍ ആഗസ്റ്റ് ഒന്നിന് ഒരു ടണല്‍ ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള സൗകര്യമൊരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. തുരങ്ക നിര്‍മ്മാണത്തിന്റെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.പാലക്കാട് തൃശ്ശൂര്‍ പാതയിലെ സ്ഥിരം യാത്രക്കാരുടെ തലവേദനകളില്‍ ഒന്നായിരുന്നു കുതിരാന്‍ തുരങ്കത്തിലെ വാഹനത്തിരക്ക്. ഒരു ടണല്‍ തുറക്കുന്നത്തോടെ അത് കുറയുമെന്ന പ്രതീക്ഷയിലാണ് സ്ഥിരം യാത്രക്കാര്‍.
ഇനിയും അവശേഷിക്കുന്ന എല്ലാ പ്രവൃത്തികളും പെട്ടന്ന് തന്നെ പൂര്‍ത്തീകരിക്കണമെന്നും, ബന്ധപ്പെട്ട അനുമതികള്‍ തേടണമെന്നും, മണ്‍സൂണ്‍ കാലമാണെങ്കിലും പ്രവര്‍ത്തനം തടസ്സമില്ലാതെ മുന്നോട്ടുപോകാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, കെ. രാജന്‍, പി.എ. മുഹമ്മദ് റിയാസ്, പ്രഫ. ആര്‍. ബിന്ദു, പി.ഡബ്ല്യൂ.ഡി. സെക്രട്ടറി ആനന്ദ് സിങ്, ദേശീയപാതാ അതോറിറ്റി അധികൃതര്‍, നിര്‍മാണ കമ്ബനി അധികൃതര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ടണല്‍ തുറക്കുന്നതോടെ ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനാകുമെന്നാണ് ബന്ധപ്പെട്ട അധികാരികള്‍ കരുതുന്നത്.