Friday, May 3, 2024
keralaNews

കിടപ്പുരോഗിയായ പിതാവിനെ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മകന്‍ കൊലപ്പെടുത്തി.

കൊല്ലം പരവൂരില്‍ കിടപ്പുരോഗിയായ പിതാവിനെ സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി മകന്‍ കൊലപ്പെടുത്തി. പരവൂര്‍ കോട്ടപ്പുറം തെക്കേകല്ലുപുറം വീട്ടില്‍ പി.ശ്രീനിവാസന്‍ (85) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ മകന്‍ കോട്ടപ്പുറം തെക്കേകല്ലുപുറം വീട്ടില്‍ ഓട്ടോഡ്രൈവറായ എസ്.അനില്‍കുമാറിനെ (52) പൊലീസ് അറസ്റ്റ് ചെയ്തു. മാതാവ് വസുമതിയുടെ (72) കണ്‍മുന്നില്‍ വച്ചാണ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയത്.

സംഭവത്തിന് ശേഷം വീട്ടില്‍ നിന്ന് പുറത്തേക്ക് വന്ന അനില്‍കുമാറിനെ പരവൂര്‍ പൊലീസ് സംഭവ സ്ഥലത്ത് നിന്ന് തന്നെ കസ്റ്റഡിയിലെടുത്തു.രാവിലെ 11 മണിയോടെയാണ് സംഭവം. കുടുംബ വീട്ടിലെത്തിയ അനില്‍കുമാര്‍ വീട്ടിലെ കിടപ്പുമുറിയില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളും കിഡ്‌നി രോഗവും കാരണം വര്‍ഷങ്ങളായി കിടപ്പിലായ അച്ഛന്‍ ശ്രീനിവാസനോട് തന്റെ മകന് വിദേശത്ത് പഠിക്കുവാനുള്ള തുകയും പുതിയതായി വാങ്ങിയ ഓട്ടോയ്ക്ക് നല്‍കാന്‍ 1 ലക്ഷം രൂപയും ആവശ്യപ്പെട്ട് വഴക്കിട്ടു. തുടര്‍ന്ന് പ്രകോപിതനായ അനില്‍കുമാര്‍ പ്ലാസ്റ്റിക് കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ശ്രീനിവാസന്റെ ദേഹത്തേക്ക് ഒഴിച്ചു തീകൊളുത്തുകയായിരുന്നു. സംഭവ സമയം അനില്‍കുമാറിന്റെ മാതാവും ശ്രീനിവാസനെ പരിചരിക്കാന്‍ എത്തിയ ഹോം നഴ്‌സും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.