Sunday, May 5, 2024
keralaNews

ഥാര്‍ ജീപ്പ് ലേലം. കൂടുതല്‍ തുകകിട്ടിയാല്‍ ലേലം റദ്ദ് ചെയ്യുമെന്ന് ദേവസ്വം ചെയര്‍മാന്‍

തൃശ്ശൂര്‍: കഴിഞ്ഞ മാസം പതിനെട്ടിന് നടന്ന ലേലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച ഥാര്‍ ജീപ്പ് ലേലത്തില്‍ പിടിച്ചെങ്കിലും വാഹനം ഇതുവരെ കൈമാറിയില്ലെന്ന പരാതിയുമായി അമല്‍ മുഹമ്മദ് . ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് വാഹനം കൈമാറാന്‍ തയ്യാറാകുന്നില്ലെന്നാണ് അമലിന്റെ പരാതി

എറണാകുളം സ്വദേശിയായ അമല്‍ മുഹമ്മദ് 15 ലക്ഷത്തി പതിനായിരം രൂപക്കാണ് വാഹനം ലേലത്തില്‍ പിടിച്ചത്. വാഹനത്തിന് അടിസ്ഥാന വിലയായി നിശ്ചയിച്ചത് 15 ലക്ഷമായിരുന്നു ബഹ്റൈനിലുള്ള പ്രവാസി വ്യവസായിയാണ് അമല്‍ മുഹമ്മദ് അലി.

വില കൂട്ടി നല്‍കാമോയെന്ന് പിന്നീട് ദേവസ്വം ഭാരവാഹികള്‍ ചോദിച്ചെങ്കിലും ജിഎസ്ടി ഉള്‍പ്പെടെ നല്‍കുമ്പോഴേക്കും 18 ലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവ് വരുമെന്നാണ് അമല്‍ പറഞ്ഞത്. ലേലം ഉറപ്പിച്ചിട്ടും വാഹനം വിട്ടുകൊടുക്കാന്‍ ഭാരവാഹികള്‍ തയ്യാറാകുന്നില്ലെന്നാണ് അമല്‍ പറയുന്നത്.

പ്രതീക്ഷിച്ച തുക ലേലത്തില്‍ ലഭിച്ചില്ലെന്ന് ചെയര്‍മാനും പ്രതികരിച്ചിരുന്നു . ഇരുപത്തിയൊന്ന് ലക്ഷം രൂപവരെ നല്‍കാന്‍ തയ്യാറായിരുന്നുവെന്ന് പിന്നീട് അമലിന്റെ പ്രതിനിധി പറഞ്ഞതോടെയാണ് ലേലം തര്‍ക്കത്തിലേക്ക് പോയത്.

ലേലത്തിനു ഭരണ സമിതി അംഗീകാരം നല്‍കിയിട്ടില്ലെന്നും, താല്‍ക്കാലികമായാണ് ലേലം ഉറപ്പിച്ചത് എന്നും ചെയര്‍മാന്‍ വ്യക്തമാക്കുകയും ചെയ്തു. തുടര്‍ന്നാണ് ലേലം വിവാദമാകുന്നതും ക്ഷേത്ര ഭരണ സമിതി യോഗം വിളിച്ചു ചേര്‍ത്തതും.

ലേലവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നതായും അന്തിമ തീരുമാനം എടുക്കേണ്ടത് ദേവസ്വം കമ്മീഷണറാണെന്നുമാണ് ദേവസ്വം ചെയര്‍മാന്റെ വിശദീകരണം. മറ്റാരെങ്കിലും കൂടുതല്‍ തുകയുമായെത്തിയാല്‍ നിലവിലെ ലേലം റദ്ദ് ചെയ്യാനുള്ള അധികാരം ദേവസ്വം കമ്മീഷണര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.