Sunday, May 5, 2024
keralaNewsObituary

വനിത ഡോക്ടറുടെ കൊലപാതകം: ഓര്‍ഡിനന്‍സ് ഇറക്കും; മന്ത്രി വീണാജോര്‍ജ്ജ്

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ച വനിത ഡോക്ടര്‍ മരിച്ച സംഭവത്തിന്റെ അടിസ്ഥാനത്തില്‍
ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തിനെതിരെ നിയമം ശക്തമാക്കുമെന്നും അതിക്രമം തടയാന്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്നും മന്ത്രി വീണാജോര്‍ജ്ജ്. ഡോക്ടര്‍ വന്ദനദാസിന്റെ മരണത്തില്‍ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. വളരെ ദാരുണമായിട്ടുള്ള നിര്‍ഭാഗ്യകരമായ സംഭവമാണ്. വളരെ വേദനിപ്പിക്കുന്ന രീതിയിലാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഡോക്ടറുടെ കൊലപാതകത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. പൊലീസുകാരനും തലക്ക് കുത്തേറ്റിട്ടുണ്ട്. പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള പരമാവധി ശ്രമം ഡോക്ടര്‍മാര്‍ നടത്തിയിരുന്നു. ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. രാവിലെ അഞ്ചിനാണ് പ്രതിയെ പരിശോധനക്കെത്തിച്ചത്. സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്ളയിടത്താണ് പ്രതി അക്രമസാക്തനായത്. പൊലീസ് എയ്ഡ് പോസ്റ്റ് ഉള്ള സ്ഥലത്തായിരുന്നു ആക്രമണം. ആക്രമണങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കും. ആക്രമണങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാവരുതെന്ന് പൊതുസമൂഹത്തോട് അഭ്യര്‍ത്ഥിക്കുകയാണ്. എല്ലാവരും ഇതിനെതിരെ പ്രതിരോധം തീര്‍ക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ച വനിത ഡോക്ടര്‍ മരിച്ചത്. കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൌസ് സര്‍ജന്‍ വന്ദന ദാസാണ് (23) തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ എത്തിച്ച പ്രതിയാണ് ഡോക്ടറെ കുത്തിക്കൊന്നത്. സര്‍ജിക്കല്‍ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ പുലര്‍ച്ചെ തിരുവനന്തപുരത്തേക്ക് എത്തിച്ചതെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡോക്ടര്‍ക്ക് അഞ്ചിലേറെ തവണ കുത്തേറ്റു. നെഞ്ചിലേറ്റ കുത്ത് ശ്വാസകോശത്തിലേക്കും കയറി. നട്ടെല്ലിന് കുത്തേറ്റു. പൊലീസ് കസ്റ്റഡിയിലുള്ള പൂയപ്പള്ളി സ്വദേശി സന്ദീപാണ് വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്. വീട്ടില്‍ വെച്ച് അതിക്രമങ്ങള്‍ നടത്തിയ സന്ദീപിനെ പൊലീസും ബന്ധുക്കളും ചേര്‍ന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിലേക്ക് വൈദ്യപരിശോധനക്കെത്തിച്ചത്. ആശുപത്രിയില്‍ വെച്ചും പ്രകോപനമൊന്നുമില്ലാതെ യുവാവ് ആക്രമണം നടത്തുകയായിരുന്നു. ആശുപത്രിയിലെ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ കൈക്കലാക്കിയ പ്രതി ആശുപത്രിയില്‍ ഉണ്ടായിരുന്നവരെയും തടയാന്‍ ശ്രമിച്ചവരെയും കുത്തുകയായിരുന്നു. അഞ്ച് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പുറകിലും നെഞ്ചിലും നിരവധിത്തവണ കുത്തേറ്റ ഡോക്ടര്‍ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.