Monday, April 29, 2024
BusinesskeralaNews

കൊച്ചി വാട്ടര്‍ മെട്രോ ആദ്യ സര്‍വീസ് തുടങ്ങി

എറണാകുളം: പ്രധാനമന്ത്രി നരേന്ദ്രമോദിഇന്നലെ ഉദ്ഘാടനം നിര്‍വഹിച്ച കൊച്ചി വാട്ടര്‍ മെട്രോയുടെ ആദ്യ സര്‍വീസിന് ഇന്ന് തുടങ്ങി. ഹൈക്കോടതി ടെര്‍മിനലില്‍ നിന്ന് വൈപ്പിനിലേക്കും തിരികെ വൈപ്പിനില്‍ നിന്ന് ഹൈക്കോര്‍ട്ടിലേക്കുമാണ് ആദ്യ സര്‍വീസ് നടത്തുക. രാവിലെ ഏഴ് മണിയ്ക്ക് ആദ്യ സര്‍വീസ് ആരംഭിച്ചു. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ യാത്രാനുഭവമായിരിക്കും വാട്ടര്‍ മെട്രോ സമ്മാനിക്കുക. തിരുവനന്തപുരത്ത് നിന്ന് അദ്ദേഹം ഉദ്ഘാടനം നിര്‍വഹിക്കുന്ന വേളയില്‍ തന്നെ കൊച്ചിയില്‍ നിന്ന് സര്‍വീസ് ആരംഭിച്ചു. ദിവ്യാംഗരായ കുട്ടികള്‍ക്കൊപ്പമായിരുന്നു കന്നിയാത്ര. ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ നിന്ന് വൈപ്പിനിലേക്കാണ് ആദ്യ ബോട്ട് സര്‍വീസ് ആരംഭിച്ചത്. കൊച്ചിയിലെയും സമീപ ദ്വീപുകളിലെയും ജലഗതാഗതം നവീകരിക്കുക എന്നതാണ് വാട്ടര്‍ മെട്രോയിലൂടെ ലക്ഷ്യമിടുന്നത്. നിരവധി സവിശേഷതകളോടെയാണ് വാട്ടര്‍മെട്രോ എത്തുന്നത്. ഇലക്ട്രിക് ബോട്ടുകളിലാണ് സര്‍വീസ് നടത്തുക. രാവിലെയും വൈകിട്ടും പതിനഞ്ച് മിനിറ്റ് ഇടവിട്ടായിരിക്കും ബോട്ട് സര്‍വീസുകള്‍ ലഭ്യമാകുക. മറ്റ് സമയങ്ങളില്‍ 20 മുതല്‍ 30 മിനിറ്റ് വരെ ഇടവേളകളിലായിരിക്കും ബോട്ട് സര്‍വീസ് നടക്കുക. പ്രാരംഭഘട്ടത്തില്‍ എട്ട് ബോട്ടുകളാണ് വാട്ടര്‍ മെട്രോയ്ക്ക് വേണ്ടി സജ്ജീകരിച്ചിരിക്കുന്നത്. ഒരേ സമയം നൂറ് യാത്രക്കാര്‍ക്ക് വരെ സഞ്ചരിക്കാന്‍ സാധിക്കുന്ന ബോട്ടുകളാണ് ഹൈക്കോര്‍ട്ട്-വൈപ്പിന്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. ഒരു ബോട്ടില്‍ മൂന്ന് ജീവനക്കാരുണ്ടാവും. പത്ത് മുതല്‍ പതിനഞ്ച് മിനിറ്റ് വരെ ചാര്‍ജ് ചെയ്യുകയാണെങ്കില്‍ ഒന്നര മണിക്കൂര്‍ വരെ സര്‍വീസ് നടത്താനാവും.