Thursday, May 2, 2024
indiaNewsworld

ഓപ്പറേഷന്‍ കാവേരി; 534 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചു

ദില്ലി: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍ കുടുങ്ങിയ 534 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചു. നേവിയുടെ ഐന്‍എസ് സുമേധയിലും, വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിച്ചത്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തില്‍ ജിദ്ദ തുറമുഖത്ത് ഇന്ത്യക്കാരെ സ്വീകരിച്ചു.സൗദി സമയം രാത്രി പതിനൊന്ന് മണിയോടെയാണ് 278 ഇന്ത്യക്കാരുമായി നാവികസേനയുടെ ഐഎന്‍എസ് സുമേധ ജിദ്ദ തുറമുഖത്ത് അടുത്തത്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരനൊപ്പം സൗദി വിദേശകാര്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇന്ത്യക്കാരെ സ്വീകരിക്കാനെത്തിയിരുന്നു.                                             

 

 

സുഡാനില്‍ നിന്ന് രക്ഷപെട്ടെത്തിയവര്‍ കയ്യടികളോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി രേഖപ്പെടുത്തിയത്. ജിദ്ദയിലെ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഇവര്‍ക്ക് താല്‍ക്കാലിക താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ സ്‌കൂളിലെത്തി സൗകര്യങ്ങള്‍ വിലയിരുത്തി. ജിദ്ദയില്‍ നിന്ന് എത്രയും വേഗം ഇവരെ പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും.സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ ഇന്ത്യക്കാരെ രക്ഷിക്കുന്നതിന് നേവിയുടെ ഐഎന്‍എസ് തേഗ് പോര്‍ട് സുഡാനിലെത്തിയിട്ടുണ്ട്. വ്യോമസേനയുടെ സി 130 വിമാനം ഉപയോഗിച്ച് പോര്‍ട്ട് സുഡാനില്‍ നിന്ന് കൂടുതല്‍ പേരെ ജിദ്ദയിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. റിയാദിലെ ഇന്ത്യന്‍ എംബസിയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. സുഡാനില്‍ ആകെ മൂവായിരത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്.