Friday, May 3, 2024
keralaNewspolitics

ഏഴ്‌ വരെ എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം, ആവശ്യപ്പെട്ടാല്‍ മാസ്‌ക് മാറ്റണം

മേശയും കസേരയും നിരത്തിയിട്ടു. വോട്ടിങ് യന്ത്രം ക്രമീകരിച്ചു. വോട്ട് ചെയ്യുന്നതിനുള്ള മറയൊരുക്കി അതില്‍ ബാലറ്റ് യൂണിറ്റുകള്‍ സ്ഥാപിച്ചു. വിരലില്‍ പുരട്ടാനുള്ള മഷിയും വോട്ടര്‍ പട്ടികയും കവറുകളും എല്ലാം ക്രമത്തില്‍ നിരത്തി വച്ചു. ഒടുവില്‍ പോളിങ് സ്റ്റേഷന്റെ പുറത്തെ ചുവരില്‍ സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും പതിച്ച പോസ്റ്റര്‍ പതിച്ചു. എല്ലാം ക്രമത്തിലാണെന്ന് ഒരിക്കല്‍ കൂടി ഉറപ്പു വരുത്തി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ദീര്‍ഘശ്വാസം വിട്ടു.

ജില്ലയിലെ മുഴുവന്‍ ബൂത്തുകളും ഇന്നലെ രാത്രിയോടെ സജ്ജമായി. ഉച്ചകഴിഞ്ഞാണു ബൂത്തുകളില്‍ ഉദ്യോഗസ്ഥര്‍ എത്തിയത്. ദീര്‍ഘനാളായി അടച്ചിട്ടിരുന്ന സ്‌കൂളുകള്‍ പലതും ശുചീകരിച്ചിട്ടു പോലുമില്ലായിരുന്നു. അവ ഉദ്യോഗസ്ഥര്‍ തന്നെ വൃത്തിയാക്കിയാണ് ബൂത്ത് സജ്ജമാക്കിയത്. ഇതിനിടയില്‍ സെക്ടറല്‍ ഓഫിസര്‍മാര്‍ എത്തി. സാമഗ്രികളില്‍ കുറവുള്ളത് എത്തിക്കാനായിരുന്നു അത്.ജില്ലയില്‍ 3213 പോളിങ് സ്റ്റേഷനില്‍ 13 എണ്ണം വനിതാ ഉദ്യോഗസ്ഥര്‍ മാത്രമുള്ള പിങ്ക് ബൂത്തുകളാണ്. ഈ ബൂത്തുകളിലെ വെബ് കാസ്റ്റിങ് ചുമതലയും വനിതകള്‍ക്കാണ്.

ആവശ്യപ്പെട്ടാല്‍ മാസ്‌ക് മാറ്റണം

പ്രിസൈഡിങ് ഓഫിസര്‍ ആവശ്യപ്പെട്ടാല്‍ മാസ്‌ക് മാറ്റണം.വോട്ടറെ തിരിച്ചറിയുക എന്നതാണ് പ്രധാനം. മുഖാവരണം മാറ്റാന്‍ തയാറല്ലാത്തവര്‍ വോട്ട് ചെയ്യാന്‍ താല്‍പര്യപ്പെടുന്നില്ല എന്നു കരുതുമെന്ന് കലക്ടര്‍ അബ്ദുല്‍ നാസര്‍ അറിയിച്ചു.