Monday, May 6, 2024
keralaNews

മുഖ്യമന്ത്രിയുടെ രണ്ടു പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെകൂടി ചോദ്യം ചെയ്യും.

മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ കൂടാതെ രണ്ടു പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെകൂടി ചോദ്യം ചെയ്യാന്‍ കേന്ദ്ര ഏജന്‍സികള്‍ തയാറെടുക്കുന്നു. കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് സി.എം.രവീന്ദ്രന്‍ ആശുപത്രിയിലാണ്. നെഗറ്റീവായതിനുശേഷം രവീന്ദ്രനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തശേഷമായിരിക്കും മറ്റു രണ്ടുപേരുടെ ചോദ്യം ചെയ്യല്‍. ലൈഫ് പദ്ധതി അടക്കമുള്ളവയുടെ വിവരങ്ങള്‍ ആരായാനാണ് ചോദ്യം ചെയ്യുന്നത്. കള്ളക്കടത്തിനെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസിലെ കൂടുതല്‍പേര്‍ക്ക് അറിയാമായിരുന്നെന്ന് ഇഡി സംശയിക്കുന്നു.

കമ്മിഷന്‍ അടിസ്ഥാനത്തില്‍ കരാറുകള്‍ ചില കമ്പനികള്‍ക്ക് നല്‍കിയതിനു പിന്നിലും ഈ ഉദ്യോഗസ്ഥരുണ്ടെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നു. ലൈഫ് മിഷന്റെ മിക്ക പദ്ധതികളെയും സംശയത്തില്‍ നിര്‍ത്തുന്നതാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലുകള്‍. 26 പദ്ധതികള്‍ രണ്ടു കമ്പനികള്‍ക്ക് മാത്രമാണ് ലഭിച്ചത്. ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പ് ഈ കമ്പനികള്‍ക്ക് ശിവശങ്കര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് ഇഡി കണ്ടെത്തല്‍. സ്വപ്നയുടെ വാട്‌സാപ് ചാറ്റുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വഷണത്തിലാണ് ഈ വിവരങ്ങള്‍ ഇഡിക്കു ലഭിച്ചത്.